തൃക്കരിപ്പൂർ: തീരദേശ പരിപാലന നിയമം മൂലം ദുരിതമനുഭവിക്കുന്ന വലിയപറമ്പ് പഞ്ചായത്തിലെ ജനതയെ അവഗണിച്ച് സി.ആർ.സെഡ് നിയമത്തിൽ ഇളവ് നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 30ന് ബഹുജന സമര പ്രഖ്യാപനം നടത്താൻ തീരുമാനം. പഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി സമരസമിതിയാണ് തീരുമാനമെടുത്തത്. മുപ്പതിനകം പ്രത്യേക ഗ്രാമസഭകൾ വിളിച്ചുകൂട്ടി പ്രക്ഷോഭ പരിപാടി വിശദീകരിക്കും.
ദൂരപരിധി നിയമം മൂലം വീട് നിർമ്മിക്കാനാവാത്ത ജനങ്ങളുടെ ആശങ്കകൾ നീക്കുന്നതിന് സി.ആർ.സെഡ് നിയമത്തിൽ ഇളവ് നൽകണമെന്ന് സർക്കാറും പഞ്ചായത്തും ആവശ്യപ്പെട്ടെങ്കിലും അവസാന ഘട്ടത്തിലും വലിയപറമ്പ് പഞ്ചായത്ത് പരിഗണിക്കപ്പെട്ടില്ല. 30 ന് എം.പി, എം.എൽ.എമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ബഹുജന സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. തുടർന്ന് തീരദേശ ഹർത്താലിനോടനുബന്ധിച്ച് മനുഷ്യമതിൽ തീർക്കാനും തീരുമാനിച്ചു. നിയമത്തിൽ ഇളവ് ലഭിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി ശ്യാമള, കെ. അനിൽകുമാർ, ഖാദർ പാണ്ട്യാല, കെ. മനോഹരൻ, ഇ.കെ മല്ലിക, സി. ദേവരാജൻ, എം.ടി ബുഷ്റ, എം. താജുന്നിസ, എം. ഹസീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. നാരായണൻ, കെ.വി. ഗംഗാധരൻ, ഉസ്മാൻ പാണ്ഡ്യാല, എം. ഭാസ്കരൻ, വി.വി ഉത്തമൻ, സി.വി കണ്ണൻ, പി.കെ.സി അബ്ദുല്ല, എം.ടി ഷഫീഖ്, വി. കരുണാകരൻ, സുമേഷ്, പി.കെ ഷിഹാബ്, ഇ.കെ. ബിന്ദു സംസാരിച്ചു. കൺവീനർ എം.ടി. അബ്ദുൾ ജബ്ബാർ സ്വാഗതം പറഞ്ഞു.
ഇളവിന് കൂടുതൽ അർഹരാണ്..
തീരദേശ പരിപാലന നിയമത്തിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ച നഗര പഞ്ചായത്തിൽ ഉൾപ്പെട്ട 175 പഞ്ചായത്തുകളിൽ വലിയപറമ്പ് പഞ്ചായത്തും ഉൾപ്പെട്ടിരുന്നുവെങ്കിലും ഇക്കഴിഞ്ഞ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇളവ് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച 66 പഞ്ചായത്തുകളിൽ ഏറ്റവും ഇളവിന് അർഹതയുള്ള വലിയപറമ്പിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, യുവജന സംഘടനകളുടെയും, ഭരവാഹികളുടെയും, ട്രേഡ് യൂണിയൻ നേതാക്കളുടെയും, ക്ലബ്ബ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് സമര പ്രഖ്യാപനം നടന്നത്.