പയ്യാവൂർ: കേന്ദ്ര സർക്കാറിന്റെ 'സൻസദ് ആദർശ് ഗ്രാമ യോജന' സാഗി പദ്ധതിയിൽ ഇടംനേടി പയ്യാവൂർ ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഡോ. ജോൺ ബ്രിട്ടാസ് എം.പിയാണ് പയ്യാവൂർ ഗ്രാമപഞ്ചായത്തിനെ സാഗി പദ്ധതി പ്രകാരം ഏറ്റെടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നിർമ്മിക്കുന്ന ബഡ്സ് സ്‌കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനവും കഴിഞ്ഞദിവസം എം.പി നിർവഹിച്ചിരുന്നു.
പയ്യാവൂർ ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ പത്താം വാർഡിലാണ് ബഡ്സ് സ്‌കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമ്മിക്കുന്നത്.
രാജ്യത്തിന് മാതൃകയാകുന്ന
വികസനം എത്തും
'സാഗി' പദ്ധതി പ്രകാരം ഓരോ എം.പിക്കും ഏതാനും ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിൽ നേരിട്ട് മാർഗ നിർദ്ദേശം നൽകാനും കഴിയും. ഏറ്റെടുത്തു നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കും.