school
കണ്ണൂർ ടൗൺ ഹയർസെക്കൻഡറി സ്‌കൂളിൽ നിലവിലുള്ള മൈതാനം

കണ്ണൂർ: നാളെയുടെ കായികതാരങ്ങളെ വാർത്തെടുക്കാനുള്ള ശ്രമത്തിനായി സ്‌കൂളിന് കളിസ്ഥലമില്ല. കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ടൗൺ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് മൈതാനത്തിനായുള്ള കാത്തിരിപ്പ് നീളുന്നത്. മൂന്നേക്കർ സ്ഥലത്തോളം വ്യാപിച്ചുകിടക്കുന്ന സ്ഥലം ഈ സ്‌കൂളിനുണ്ടെങ്കിലും കളിമൈതാനമാക്കി മാറ്റിയെടുക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളടക്കം എഴുന്നൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
സാധാരണക്കാരുടെ മക്കൾ ആശ്രയിക്കുന്ന സർക്കാർ വിദ്യാലയത്തിന് മികച്ചൊരു കളിസ്ഥലമുണ്ടാക്കിയാൽ കായികമേഖലയിൽ മികവുതെളിയിക്കാൻ കഴിയുമെന്നാണ് അദ്ധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും പറയുന്നത്. അത്രമാത്രം കായിക വാസനയുള്ള കുട്ടികൾ ഇവിടെയുണ്ട്. സ്ഥലപരിമിതിയിൽ ഞെരുങ്ങുന്ന മറ്റു സ്‌കൂളുകളെ അപേക്ഷിച്ചു വിസ്തീർണം നിറഞ്ഞ കളിസ്ഥലമൊരുക്കാനുള്ള സ്ഥലലഭ്യത കണ്ണൂർ ടൗൺ സ്‌കൂളിന് അനുകൂല ഘടകങ്ങളിലൊന്നാണ്.
ഫുട്‌ബാൾ, ക്രിക്കറ്റ്, ഹോക്കി എന്നിവ കളിക്കാവുന്നതും അത് ലറ്റിക്സിനായി 200 മീറ്റർ ട്രാക്ക് ഒരുക്കാവുന്നതുമായ വിശാലമായ സ്ഥലം ഈ സ്‌കൂളിനുണ്ട്. എന്നാൽ ഓവുചാൽ സംവിധാനമില്ലാത്തതിനാൽ ഒരു ചെറിയ മഴ പെയ്താൽ പോലും ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഈ ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയില്ല.

നിലവിലുള്ള കളിസ്ഥലം ഭൂമിനിരപ്പാക്കി കളിയോഗ്യമാക്കാത്തതും അതിരുകൾ കെട്ടി മൈതാനം പരിപാലിക്കാത്തതും കാരണം കായിക മത്സരങ്ങൾ ഇവിടെ നടത്താൻ കഴിയുന്നില്ല.

കായിക പ്രേമികൾ

ആശ്രയം പൊലീസ് ഗ്രൗണ്ട്

സ്കൂളിലെ കായിക മത്സരങ്ങൾക്ക് പൊലീസ് ഗ്രൗണ്ടിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ അവിടെ മറ്റു മേളകളും പരേഡുകളും നടക്കുമ്പോൾ ഈ സൗകര്യം ലഭിക്കാറില്ല. അങ്ങനെ വരുമ്പോൾ കണ്ണൂർ നഗരത്തിൽ നടക്കേണ്ട സ്‌കൂൾ മീറ്റുകളും മറ്റും 14 കി.മീ അപ്പുറമുള്ള മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ മാറ്റാറാണ് പതിവ്. ഇതുകായിക പ്രേമികൾക്കും കുട്ടികൾക്കുമുണ്ടാക്കുന്ന ദുരിതം ചെറുതല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും സ്‌കൂൾ ഗ്രൗണ്ട് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും അദ്ധ്യാപക രക്ഷാകർതൃസമിതി കായിക മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.