ഇരിട്ടി: ഇടയ്ക്കിടെ തകർത്ത് പെയ്യുന്ന മഴയിൽ അയ്യങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവിലും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടും വീടുകൾ തകർന്നു. രണ്ടാംക്കടവിലെ വാതില്ലൂർ ചെറിയാന്റെയും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടിലെ ചാലാടൻ പത്മിനിയുടെയും വീടുകളാണ് തകർന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് ചെറിയാന്റെ വീട് തകർന്നു വീണത്.
സംഭവസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ വീട് സന്ദർശിച്ചു. ഞായറാഴ്ച ഉണ്ടായ കനത്ത മഴയിൽ ഉച്ചയോടെയാണ് ചാലാടൻ പത്മിനിയുടെ വീട് തകർന്നത്. മക്കളും പേരമക്കളും ഉൾപ്പെടെ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗവും പിറകുവശവും പൂർണ്ണമായി തകർന്നു വീണു. വീടിന്റെ മുൻഭാഗവും മേൽക്കൂരയും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ അപകട ഭീഷണിയിലായിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.