thookuveli
സൗരോർജ്ജതൂക്കുവേലി സ്ഥാപിക്കുന്നതിനായി പയ്യാവൂരിൽ തൂണുകൾ സ്ഥാപിക്കുന്നു

പഞ്ചായത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ തൂക്കുവേലി

പയ്യാവൂർ : കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയ മലയോരത്തെ രക്ഷിക്കാൻ ഒരുക്കിയ സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. പയ്യാവൂർ പഞ്ചായത്തിന്റെ കേരള- കർണാടക അതിർത്തിയിൽപെട്ട ആനപ്പാറ മുതൽ വഞ്ചിയം വരെയുള്ള ഭാഗത്താണ് പഞ്ചായത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ്ജ തൂക്കുവേലി ഒരുങ്ങുന്നത്.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സ്വകാര്യ സംരംഭങ്ങളിലടക്കം ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ള തൂക്കുവേലികൾ കാട്ടാനകളെ പ്രതിരോധിക്കുന്നതിൽ വിജയം കണ്ടതാണ് ഇവിടെയും നിർമ്മിക്കാൻ പ്രചോദനമായത്. ഇത്തരം വേലികൾ നിർമ്മിക്കാൻ സംസ്ഥാനത്ത് ആർക്കും ലൈസൻസില്ല.പൊലീസ് കൺസ്ട്രക്ഷൻ സൊസൈറ്റി മുൻകൈയെടുത്താണ് ടെൻഡർ നടപടികൾ സ്വീകരിച്ചത്. മൈസൂരിലെ സ്വകാര്യ കമ്പനിയാണ് വേലി നിർമ്മിക്കുന്നത്.

ഏപ്രിൽ ആദ്യമാണ് വേലിയുടെ നിർമ്മാണം തുടങ്ങിയത്. മഴ കാരണം പാതിവഴിയിലായ വേലിയുടെ നിർമ്മാണം ഇന്നലെ വീണ്ടും തുടങ്ങി. ജില്ല , ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.തൂക്കുവേലി കടന്നുപോകുന്ന ഭാഗത്തെ കാട് വെട്ടിത്തെളിച്ച് പണി തുടങ്ങിയിരുന്നത്. ഇതിനായി ശാന്തിനഗർ , കാഞ്ഞിരക്കൊല്ലി പാടാംകവല, ചാപ്പക്കൽ, ചന്ദനക്കാംപാറ ആടാംപാറ, ഒന്നാം പാലം എന്നിവിടങ്ങളിലെ ഇടവക വികാരിമാർ ചെയർമാൻമാരും പഞ്ചായത്തംഗങ്ങൾ കൺവീനർമാരുമായി കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ചെയർമാനും ടി.എം.ജോഷി കൺവീനറുമായ ജനറൽ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്.

11 കിലോ മീറ്റർ

80 ലക്ഷം രൂപ ചെലവ്

40 ലക്ഷം ജില്ലാ പഞ്ചായത്ത്

35 ലക്ഷംഗ്രാമപഞ്ചായത്ത്

5 ലക്ഷംഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്-


തൂക്കു വേലികൾ ഇങ്ങനെ

അൻപത് മീറ്റർ ഇടവിട്ട് 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിംഗ് കേബിളുകൾ തൂക്കിയിടും .വൈദ്യുതി പ്രവഹിക്കുന്ന സ്റ്റീൽ വയറുകൾ തറ നിരപ്പിൽനിന്ന് മൂന്ന് അടിവരെ ഉയരത്തിൽ. നിലവിൽ പലയിടങ്ങളിലുമായി തമ്പടിച്ച ആനകളെ മുഴുവൻ വനംവകുപ്പിന്റെ സഹായത്തോടെ കാട്ടിലേക്ക് തുരത്തിയ ശേഷമായിരിക്കും വേലി ചാർജ് ചെയ്യുക. ഇതിന്റെ അറ്റകുറ്റപണികൾക്കും മറ്റുമായി രണ്ട് തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.

മാർച്ച് 31ന് മുൻപായി തൂക്കുവേലിയുടെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക തടസങ്ങൾ തിരിച്ചടിയായി.മഴ കാരണം നിലവിൽ നിർമ്മാണം തടസപ്പെട്ടിരുന്നു. എന്തു തന്നെയായാലും

ഒക്ടോബർ 30 നകം വേലി പൂർത്തിയാക്കാനാണ് ശ്രമം-സാജു സേവ്യർ, പഞ്ചായത്ത് പ്രസിഡന്റ്, പയ്യാവൂർ

.