laksmanan

കണ്ണൂർ : തെരുവു നായയുടെ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്കും സുപ്രീംകോടതിവരെ കേസിനും 35 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്ന ബീഡിതെറുപ്പ് തൊഴിലാളി അഞ്ചരക്കണ്ടി എക്കാൽ 'വരദ'യിലെ വി. ലക്ഷ്മണന്റെ പോരാട്ടം നാൽപതാംവർഷവും തുടരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുത്തതിന് പിന്നാലെ, അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരമായ പത്തുലക്ഷം രൂപ പഞ്ചായത്ത് നൽകിയെങ്കിലും 75 ലക്ഷം കിട്ടാനാണ് നിയമപോരാട്ടം. ലക്ഷ്മണന്റെ അപ്പീലിൽ, 75 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലക്ഷ്മണൻ ഇന്നലെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് ചികിത്സിച്ചതും കേസ് നടത്തിയതും. 40 ലക്ഷം രൂപയുടെ തിരിച്ചടവ് ബാക്കി.

ജീവിതം മാറിമറിഞ്ഞ

ഒക്ടോബർ 14

1983 ഒക്ടോബർ 14ന് ദിനേശ് ബീഡി കമ്പനിയിലേക്ക് പോകുന്ന വഴിയാണ് തെരുവു നായ ആക്രമിച്ചത്. കാലിൽ മാരകമായ പരിക്കേറ്റു. ചക്കരക്കല്ല് ഇരിവേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ് എടുത്തതിന് പിറകെ അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടു. പിന്നെ ചികിത്സയുടെ നീണ്ട കാലം. ചികിത്സാപ്പിഴവാണെന്നും കുത്തിവച്ച മരുന്നിലെ അപാകതയാണ് കാരണമെന്നും ഡോക്ടർമാർ വിധിയെഴുതി.

നാൽപതു വർഷത്തെ യുദ്ധം

അഞ്ചരക്കണ്ടി പഞ്ചായത്തിനും കുത്തിവച്ച ഡോക്ടർക്കുമെതിരെ തലശേരി സബ് കോടതിയിൽ തുടങ്ങിയതാണ് നിയമയുദ്ധം. നഷ്ടപരിഹാരം നിഷേധിച്ച കീഴ്ക്കോടതി വിധികൾക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് അഞ്ചരക്കണ്ടി പഞ്ചായത്ത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നത്. 2018ൽ ഈ തുക നൽകി. എന്നാൽ 75 ലക്ഷം ആവശ്യപ്പെട്ട് ലക്ഷ്മണൻ അപ്പീൽ നൽകി. റിട്ട. ജസ്റ്റിസ് സിരിജഗൻ ചെയർമാനായ കമ്മിഷനെ സുപ്രീംകോടതി നിയോഗിച്ചു. 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു റിപ്പോർട്ട്. ഇത് ഉത്തരവായി വന്നിട്ടില്ല. ഒരു രൂപ പോലും കൂടുതൽ നൽകാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് നിലപാട്. വീൽചെയറിലും ക്രച്ചസിലുമായി കഴിയുന്ന എഴുപത്തഞ്ച് കഴിഞ്ഞ ലക്ഷ്മണന് ഊന്നുവടി ഭാര്യ ശ്യാമളയാണ്. മക്കൾ കുടുംബസമേതം വേറെയാണ് താമസം.

`ജീവനുള്ള കാലം വരെ നിയമയുദ്ധം തുടരാൻ മടിയില്ല.'

-വി.ലക്ഷ്മണൻ