നീലേശ്വരം: ഷട്ടർ കം ബ്രിഡ്ജ് നിർമ്മിക്കപ്പെട്ടതോടെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിയ പാലായി തേജസ്വിനിതീരത്തെ ആവേശത്തിലാഴ്ത്തി മീൻ പിടിത്തമത്സരം. ചെമ്പല്ലിയും നോങ്ങലുമടക്കമുള്ള രുചിയേറിയ മീനുകൾ ചൂണ്ടക്കൊളുത്തിൽ കുടുങ്ങി കരയിലെത്തിയപ്പോൾ മത്സരാർത്ഥികൾക്കും കരയിൽ തടിച്ചുകൂടിയ ആയിരത്തിലധികം വരുന്ന കാഴ്ചക്കാർക്കും ആവേശമടക്കാനായില്ല.
ഓണാഘോഷത്തിന്റെ ഭാഗമായി പാലായി ജ്വാല പുരുഷ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നാടിന്റെ അഭിരുചിയിൽ അടങ്ങിയ മത്സരം അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമെല്ലാം ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ചെമ്പല്ലി, നോങ്ങൽ തുടങ്ങിയ മീനുകളായിരുന്നു കൂടുതൽ പേർക്കും ലഭിച്ചത്. പാലായി ഷട്ടർ കം ബ്രിഡ്ജ് മുതൽ നീലായി വരെയായി ഒരു കിലോമീറ്റർ ദൂരത്തിലാണ് മത്സരാർത്ഥികൾക്ക് ഇരിപ്പിടം ഒരുക്കിയത്. കാസർകോട് ,കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.ഞായറാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ 6.30 വരെയായിരുന്നു മത്സരം. 55 ഓളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.മൂന്ന് മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മത്സ്യം പിടിക്കുന്നവർക്ക് മൂവായിരം രൂപയായിരുന്നു സമ്മാനം.
കാര്യങ്കോട് സ്വദേശി ഇതനുസരിച്ച് വൈഷ്ണവ് രവീന്ദ്രനാണ് കൂടുതൽ മീനുമായി ഒന്നാ 3000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നേടിയത്. രണ്ടാം സ്ഥാനംത്തെയി അനൂപ് നീലേശ്വരത്തിന് 2000 രൂപയും ട്രോഫിയും ലഭിച്ചു. ചെമ്മാക്കര സ്വദേശി മജീഷാണ് മൂന്നാംസ്ഥാനം നേടിയത്. വിജയികൾക്ക് സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ.രതീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.തോട്ടത്തിൽ പ്രഭാകരൻ സംസാരിച്ചു.