
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഡോ. എം. ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള തളാപ്പിലെ ചൈതന്യക്ളിനിക്കിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയതെന്നും പൊലീസ് സംശയിക്കുന്നു. അകത്തു കയറിയ മോഷ്ടാവ് ഡോക്ടറുടെ പരിശോധനാമുറി കുത്തിതുറന്നാണ് കവർച്ച നടത്തിയത്. ഏകദേശം അൻപതിനായിരത്തിലധികം രൂപ കവർന്നതായാണ് പരാതി.
ഡോക്ടറുടെ മുറിയിൽ സൂക്ഷിച്ചതായിരുന്നു പണം.ഞായറാഴ്ച്ച രണ്ടുമണിവരെ ഡോ. ചന്ദ്രശേഖരൻ ഇവിടെ നിന്നും രോഗികളെ പരിശോധിച്ചിരുന്നു. പരിശോധനയ്ക്കു ശേഷം മൂന്നരയോടെയാണ് ജീവനക്കാർ ക്ളിനിക്ക് പൂട്ടി പോയത്. ലാബും മെഡിസിനും ഉൾപ്പെടെയുള്ള ക്ലിനിക്കിൽ ജീവനക്കാർ അതാത് ദിവസത്തെ മൊത്തം വരുമാനം ഡോക്ടറെ ഏൽപ്പിക്കാറാണ് പതിവ്. ബേങ്ക് അവധിയായതിനാൽ മൂന്ന് ദിവസത്തെ തുക അവിടെയുണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ശുചീകരണത്തിനെത്തിയ സ്ത്രീയാണ് ക്ലിനിക്കിന്റെ പൂട്ട് തകർത്തതായി കണ്ടത്.
കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.ഡോഗ്സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.