neerav
ചിത്രങ്ങൾക്കൊപ്പം നീരവ്

കതിരൂർ: ഏഴ് വയസിനുള്ളിൽ മൂവായിരത്തോളം ചിത്രങ്ങൾ വരച്ച നീരവിന്റെ ഏഴാമത് ചിത്രപ്രദർശനം കതിരൂർ ആർട് ഗ്യാലറിയിൽ തുടങ്ങി. കോട്ടയം മലബാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ നീരവിന്റെ ജലച്ചായം, പോസ്റ്റർ കളർ, പെൻസിൽ, ചാർക്കോൾ, ക്രയോൺസ്, കളർ പെൻസിൽ എന്നിവ ഉപയോഗിച്ചുള്ള എഴുപത് ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി. കെ സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. സമഗ്ര ശിക്ഷ കേരള തലശേരി നോർത്ത് ഉപജില്ലയാണ് സംഘാടകർ. 17 വരെയാണ് പ്രദർശനം.
ഗണേഷ് വേലാണ്ടിയുടെയും സുനിതയുടെയും മകനായ നീരവിന് നാഗ്പുർ ബസോളാ ഗ്രൂപ്പ് ഒരുക്കിയ കുട്ടികളുടെ ദേശീയ ചിത്രരചനാ മത്സരത്തിൽ രണ്ട് തവണ പുരസ്‌കാരം ലഭിച്ചു. ദേശീയതലത്തിൽ മികച്ച പത്ത് ബാലചിത്രകലാ പ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ മിടുക്കൻ.മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ എക്‌സലന്റ് പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അധികവായനയ്ക്ക് സർവശിക്ഷ കേരള പുറത്തിറക്കിയ 'കൗതുകം' പുസ്തകത്തിന്റെ കവർചിത്രവും നീരവിന്റേതാണ്.