
കണ്ണൂർ: ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ ബാലികയ്ക്കു പരുക്കേറ്റ സംഭവത്തിൽ പാലക്കാട് റെയിൽവേ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. കല്ലേറു നടന്നുവെന്ന സംശയിക്കുന്ന എടക്കാടിനും കണ്ണൂർസൗത്തിനും ഇടയിലുള്ള പാളത്തിലാണ് പരിശോധന നടത്തിയത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചേകാലിനാണ് സംഭവം. മംഗ്ളൂർ-തിരുവനന്തപുരം എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന കീർത്തന രാജേഷിനാണ്(17)ണ് കല്ലേറിൽ തലയ്ക്ക് പരുക്കേറ്റത്.
കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്. രാജേഷ് -രഞ്ജിനി ദമ്പതികളുടെ മകളാണ് കീർത്തന. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ട്രെയിനിൽ ജനാലയ്ക്കു അരികെ ഇരുന്ന് പുറംകാഴ്ചകൾ കണ്ടുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ കല്ലുപതിക്കുകയായിരുന്നു.കുട്ടിയുടെ തലപൊട്ടി ചോരവരുന്നത് കണ്ടപ്പോഴാണ് കൂടെയുണ്ടായിരുന്നവർക്ക് കല്ലേറുകൊണ്ടതാണെന്ന് വ്യക്തമായത്. അതേ കമ്പാർട്ടിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി പ്രാഥമിക ശ്രുശ്രുഷ നൽകിയതിനു ശേഷം ഇവർ തലശേരിയിൽ ഇറങ്ങി റെയിൽവേ പൊലീസിന്റെ സഹായത്തോടെ മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനു ശേഷം അന്നേ ദിവസം രാത്രി ഒൻപതേ കാലിന് ഇവർ മറ്റൊരു ട്രെയിനിൽ യാത്ര തുടരുകയായിരുന്നു.
പൊലീസ് പരിശോധന നടത്തണം
കല്ലെറിയുന്നത് ട്രാക്കിന് പുറത്തു നിന്നായതിനാൽ ഈക്കാര്യത്തിൽ അതത് സ്‌റ്റേഷൻപരിധിയിലെ പൊലീസുകാർ പട്രോളിംഗ് നടത്തണമെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. ഈക്കാര്യം കാട്ടി ജില്ലാ പൊലീസ്‌മേധാവിമാർക്ക് റെയിൽവേ കത്തു നൽകിയിട്ടുണ്ട്. പതിവായി കല്ലേറുണ്ടാകുന്ന സ്ഥലങ്ങളിൽ റെയിൽവേ പൊലിസ്, ആർ. പി. എഫ് വിഭാഗങ്ങൾ പട്രോളിംഗ് നടത്തും.അവധിദിവസങ്ങളിലാണ് സാധാരണ കല്ലേറു നടക്കുന്നതെന്ന് റെയിൽവേ പൊലീസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കുട്ടികളുടെ ഇങ്ങനെ ചെയ്യുന്നുണ്ടൊയെന്ന കാര്യവും സംശയിക്കുന്നുണ്ട്.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.പന്ത്റണ്ടുകാരിക്ക് പരുക്കേറ്റ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം-എൻ. എം.ആർ.പി.സി ചെയർമാൻ റഷീദ് കവ്വായി, ജനറൽ കൺവീനർ ദിനുമൊട്ടമ്മൽ
ട്രെയിനെതിരെ അക്രമം ശ്രദ്ധയിൽപെട്ടാൽ
9995040000,9846200,139