പയ്യന്നൂർ: തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതർ തീ വച്ച് നശിപ്പിച്ചു. തായിനേരിയിലെ എ. ആയിഷയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് തിങ്കളാഴ്ച പുലർച്ചെ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ആയിഷയുടെ ഭർത്താവിന്റെ ഷോപ്പിലെ ജീവനക്കാരനായ അജിത്ത് ആണ് സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടത്. അജിത്തിന്റെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ തായിനേരിയിലെ എം.ആർ.സി.എച്ച് സ്കൂളിനു സമീപത്തെ റോഡരികിൽ നിർത്തിയിടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ സ്കൂട്ടർ എടുക്കാനെത്തിയപ്പോഴാണ് കത്തിയതായി കാണുന്നത്. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. പരാതിയെ തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ദിവസം ഉളിയത്തു കടവിന് സമീപം സ്കൂട്ടർ പുഴയിൽ തള്ളിയിട്ട സംഭവമുണ്ടായിരുന്നു.