puli

അഴീക്കോട്: അഴീക്കൽ ചാൽ ബീച്ചിൽ പ്രദേശവാസികൾ കണ്ടത് പുലിതന്നെയാണോയെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്. ഇന്നലെ രാവിലെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ പി.രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പരിശോധന നടത്തിയത്. എന്നാൽ അഞ്ജാത ജീവിയുടെ കാൽപാടുകൾ പരിശോധിച്ചതിൽ നിന്നും ഇതു പുലിയാണോ കാട്ടുപൂച്ചയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

എന്തെങ്കിലും കൃത്യമായ സൂചനകൾ ലഭിച്ചാൽ മാത്രമേ കൂടുവയ്ക്കുന്നതു ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് ഫോറസ്റ്റ് റേഞ്ചർ പറഞ്ഞു. ഇതിനിടെ അഴീക്കോട് മീൻകുന്ന് വലിയപറമ്പിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം ചാൽ ബീച്ചിലും പുലിയെ കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച്ച രാത്രി ഒൻപതുമണിയോടെ കടലിൽ വലയിടാൻ പോകുകയായിരുന്ന അഴീക്കോട് സ്വദേശിയാണ് പുലിയെ കണ്ടതായി പറയുന്നത്. ഇതുപ്രകാരം നാട്ടുകാർ രാത്രി തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം മീൻകുന്നിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പും വളപട്ടണം പൊലിസും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കാൽപാടുകളൊന്നും കണ്ടെത്തിയിട്ടില്ല.


പുലിയിറങ്ങിയി‌ട്ടുണ്ട് കണ്ണൂരിൽ
കണ്ണൂരിൽ പുലിയിറങ്ങിയ ചരിത്രം നേരത്തെയുണ്ടായിട്ടുണ്ടെന്നാണ് കൗതുകകരം. 2009മെയിൽ ചാലിൽ മേഖലയിൽ നിന്നും പുലിയെ വനംവകുപ്പ് കെണിവെച്ചു പിടിച്ചിരുന്നു.ഇതിനുശേഷം 2017ൽ കണ്ണൂർ നഗരത്തെ തായത്തെരുവിലെ ഒരു വീട്ടുവളപ്പിൽ നിന്നും പുലിയെ വനംവകുപ്പ് മയക്കുമരുന്ന് വച്ചും പിടികൂടിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്നും വരുന്ന ചരക്കുവാഹനങ്ങളുടെ മുകളിൽ പതുങ്ങിയിരുന്നാണ് ഇവ കണ്ണൂരിലെത്തിയതെന്നാണ് അന്ന് വനംവകുപ്പ് വിശദീകരിച്ചത്.


പേടികൂട്ടാൻ സോഷ്യൽമീഡിയ
നവമാദ്ധ്യമങ്ങളിൽ പുലിപ്പേടിയുണ്ടാക്കി സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുന്ന ഒരുവിഭാഗമാളുകൾ പൊലിസിനും വനംവകുപ്പിനും തീരാതലവേദനയാണ് സൃഷ്ടിക്കുന്നത്. പുലിയുടെ വ്യാജഫോട്ടോകളും വീഡിയോ ക്ലിപ്പുകളും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അയച്ചാണ് ഇവർ അനാവശ്യ ഭീതി പരത്തുന്നത്. ഇതോടെ അഴീക്കൽ ഭാഗത്ത് ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട് പൂതപ്പാറയിൽ പുലർച്ചെ നാട്ടുകാർ പുലിയെ പിടികൂടിയെന്ന വ്യാജവീഡിയോ കഴിഞ്ഞ ദിവസം ചിലർ പോസ്റ്റു ചെയ്തിരുന്നു. മരത്തിൽ നിന്നും ചാടിയിറങ്ങി നായകളെ കടിച്ചുകൊല്ലുന്ന പുലിയുടെ ദൃശ്യങ്ങളും വ്യാപകമായ പ്രചരിക്കുന്നുണ്ട്.