പയ്യന്നൂർ: കർഷക സംഘം ജില്ലാ സമ്മേളനം 16, 17, 18 തീയതികളിലായി പയ്യന്നൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 16 ന് വൈകീട്ട് 5 ന് പെരുമ്പയിൽ എത്തിചേരുന്ന പതാക, കൊടിമര, ദീപശിഖ ജാഥകൾ ഒരുമിച്ച് അത് ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ പൊതുസമ്മേളനവേദിയായ ഷേണായി സ്ക്വയറിലേക്ക് ആനയിക്കും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ. പതാക ഉയർത്തും.

17 ന് രാവിലെ 10ന് ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജോ: സെക്രട്ടറി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. 18 ന് വൈകീട്ട് 5 ന് നടക്കുന്ന സമാപന പൊതു സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 15 ന് വൈകീട്ട് പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിളംബര ജാഥ നടത്തും. 5 മണിക്ക് ഗാന്ധി പാർക്കിൽ ' കേന്ദ്ര സർക്കാറും കാർഷിക പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ , എ.ഐ.കെ.എസ് അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ കിസാൻ വെജിറ്റബിൾസ് പദ്ധതിയിൽ ഏറ്റവും മികച്ച പ്ലോട്ടുകൾക്കുള്ള സമ്മാനങ്ങൾ വിതരണ ചെയ്യും. തുടർന്ന് വെള്ളൂർ സെൻട്രൽ ആർട്സ് അവതരിപ്പിക്കുന്ന ' ഹൃദയ ഗാഥ ' സംഗീത ശിൽപ്പം അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം. പ്രകാശൻ, പി. ശശിധരൻ, ടി.വി. നാരായണൻ, പി. ഗംഗാധരൻ, വി.പി. പ്രഭാകരൻ, വി. നന്ദകുമാർ, വി.പി. സതീശൻ, കെ.വി. അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.