പയ്യന്നൂർ: തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തീവച്ചു നശിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുഞ്ചക്കാട് സ്വദേശി എ.എം. ദിൽഷാദ് (25), തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി കെ.വി. അബ്ദുൾ റഹ്മാൻ (28) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തായിനേരി തുളുവന്നൂർ ക്ഷേത്രത്തിന് സമീപത്തെ ശബാബ് സ്റ്റോർ ഉടമ സലാമിന്റെ ഭാര്യ ആയിഷയുടെ പേരിലുള്ള സ്കൂട്ടറാണ് എം.ആർ.സി.എച്ച്. സ്കൂൾ റോഡിൽ തിങ്കളാഴ്ച പുലർച്ചെ കത്തിച്ച നിലയിൽ കണ്ടെത്തിയത്.

ശബാബ് സ്റ്റോറിലെ തൊഴിലാളി തായിനേരിയിലെ അജിത്ത് ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്കുള്ള വഴിയരികിൽ നിർത്തിയിട്ട സ്കൂട്ടറാണ് കത്തിച്ചത്.