robber

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണയിലെ മുഴത്തടം യു.പി സ്കൂളിൽ നിന്നും 9500 രൂപ മോഷണം പോയ സംഭവത്തിൽ വെളിപ്പെടുന്നത് മോഷ്ടാവിന്റെ പ്രത്യേക സ്വഭാവം. സ്കൂൾ വളപ്പിലെ അങ്കൺവാടിയിൽ നിന്ന് ക‍ഞ്ഞിയും ഓംലറ്റുമുണ്ടാക്കി കഴിച്ച ശേഷമാണ് സ്കൂളിൽ സൂക്ഷിച്ചിരുന്ന പണവുമായി മോഷ്ടാവ് സ്ഥലം വിട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ് മാസ്റ്ററുടെ മുറി, ഓഫീസ് റൂം എന്നിവയുടെ പൂട്ട് തകർത്ത നിലയിലാണ്. അങ്കണവാടിയിൽ നിന്നും ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം പ്ളേറ്റുകൾ സ്കൂളിന് പുറത്ത് വച്ചാണ് സ്ഥലം വിട്ടത്. സ്കൂളിൽ നിന്നും കാണാതായ രണ്ട് ലാപ് ടോപ് ഉൾപ്പെട്ട ബാഗും കത്തിവാളും ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

രാവിലെ എത്തിയ അദ്ധ്യാപികയാണ് മോഷണം നടന്ന വിവരം പുറത്തറിയിച്ചത്. വാതിലുകൾ തുറന്നിടുകയും ഓഫിസ് റൂമിലെ ഫയൽ വാരി വലിച്ചിടുകയും ചെയ്ത നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പ്രധാനാദ്ധ്യാപകനാണ് പണം നഷ്ടമായ വിവരം വെളിപ്പെടുത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ വിനു മോഹന്റെ നേതൃത്വത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഭാത് ജംഗ്ഷനടുത്ത് അങ്കൻ വാടിയിൽ കയറിയ മോഷ്ടാവും കഞ്ഞിയുണ്ടാക്കി കുടിച്ചാണ് സ്ഥലം വിട്ടത്.