കണ്ണൂർ: കൊറിയർ വഴി അയച്ച പതിനെട്ടോളം ട്രാൻസ്പോർട്ട് പെർമിറ്റുകൾ കൊറിയർ കമ്പനിയുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട സംഭവത്തിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എസ് ഡിസ്റ്റിലറിക്ക് പ്രൊഫഷണൽ കൊറിയർ അഞ്ചര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. 2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തുനിന്നും അയച്ച സുപ്രധാന രേഖകൾ അടങ്ങിയ കവർ പിറ്റേദിവസം കണ്ണൂരിൽ എത്താതിരുന്നതിനെ തുടർന്ന് പരാതിക്കാർ നടത്തിയ അന്വേഷണത്തിലാണ് കവർ നഷ്ടപ്പെട്ട സംഭവം പുറത്തുവന്നത്.

നഷ്ടപ്പെട്ട ബിവറേജസ് കോർപറേഷന്റെ പെർമിറ്റുകളുടെ ഡ്യൂപ്ലികേറ്റ് ലഭിക്കാനായി പരാതിക്കാർക്ക് വലിയ കാലതാമസം നേരിട്ടു. ഇതുമൂലം പരാതിക്കാർക്കു സംഭവിച്ച നഷ്ടവും മാനസിക സമ്മർദ്ദവും പരിഗണിച്ചാണ് കണ്ണൂർ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം അനുവദിച്ചത്. പരാതിക്കാരന്റെ സ്ഥാപനത്തിനുവേണ്ടി അഡ്വ. കെ.കെ. ബാലറാം ഹാജരായി.