പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന ചന്ദനക്കാംപാറ, ആടാംപാറ, ചന്ദ്രഗിരി, ഒന്നാംപാലം മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷം. ഈ കഴിഞ്ഞ രാത്രിയിൽ കർഷകരായ സെബാസ്റ്റ്യൻ പൗവത്ത്, ജോണി മുളക്കൽ, ജോൺ തെക്കേകൊട്ടാരത്തിൽ, ബാബു തെക്കേ കൊട്ടാരത്തിൽ, ദേവസ്യ മുല്ലൂർ എന്നിവരുടെ നൂറുകണക്കിന് വാഴകളും ഇരുന്നൂറോളം റബ്ബർ മരങ്ങളും കപ്പ, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയ കാർഷിക വളകളും കാട്ടാന നശിപ്പിച്ചു. കാർഷിക ഉത്പന്നങ്ങളായ റബ്ബറിനും നാളികേരത്തിനും വൻ വില തകർച്ച നേരിടുന്ന മലയോര കർഷകരുടെ മേൽ കാട്ടാന ശല്യം കൂടിയായപ്പോൾ ഇവരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
പതിറ്റാണ്ടുകളായി കൃഷി ചെയ്ത് പ്രതീക്ഷയോടെ കാത്തുസൂക്ഷിച്ച മണ്ണിൽ താമസിക്കാനാവാതെ കാട്ടാനയെ പേടിച്ച് കാർഷിക വിളകളും വീടും ഉപേക്ഷിച്ച് ജീവനുവേണ്ടി പാലായനം ചെയ്യുകയാണ് കർഷകർ. വീടില്ലാതെ വാടകവീട്ടിൽ താമസിച്ച് തങ്ങളുടെ അദ്ധ്വാനം മുഴുവൻ വന്യജീവികൾ നശിപ്പിക്കുന്നത് കണ്ട് ഹൃദയം തകർന്ന കർഷകരുടെ ദയനീയത സർക്കാർ കാണാതെ പോകുന്നുവെന്ന പരാതിയുണ്ട്.
കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.കെ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ രാഘവൻ, പഞ്ചായത്ത് അംഗം ജിത്തു തോമസ് എന്നിവർ സന്ദർശി
ച്ചു.
കോൺഗ്രസ് ലോംഗ് മാർച്ചിന്
ജീവൻ പോലും പണയം വച്ച് സ്വന്തം മണ്ണിൽ മരണം വരെയും ഉണ്ടാകുമെന്ന് ഉറപ്പിച്ച് ജീവിക്കുന്നവരാണ് കർഷകരിൽ അധികവും. വർഷങ്ങളുടെ അദ്ധ്വാന ഫലം ഇല്ലാതാകുന്ന കർഷകന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ മലയോര കർഷകരെ സംഘടിപ്പിച്ച് ചന്ദനക്കാംപാറയിൽ നിന്ന് കണ്ണൂർ ഡി.എഫ്.ഒ ഓഫീസിലേക്ക് ലോംഗ് മാർച്ച് അടക്കം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.