കൂത്തുപറമ്പ്: കേരള ബാങ്ക് ജപ്തി ചെയ്ത പുറക്കളത്തെ സുഹറയുടെ വീട് വീണ്ടെടുക്കുന്നതിന് കെ.പി. മോഹനൻ എം.എൽ.എയുടെ ഇടപെടൽ. പുറക്കളത്തെ വീട്ടിലെത്തിയ എം.എൽ.എ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അടക്കാൻ ഇളവ് അനുവദിപ്പിക്കാമെന്നും കാലാവധി നീട്ടി നൽകാമെന്നും കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.

വായ്പയെടുത്ത തുക യഥാസമയം തിരിച്ചടച്ചില്ലെന്ന കാരണത്താലാണ് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട് ജപ്തി ചെയ്തത്. ഇതിനെ തുടർന്ന് കോട്ടയം പഞ്ചായത്തിലെ പുറക്കളത്ത് മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബം വീട്ടിന്റെ വരാന്തയിൽ കഴിയുകയായിരുന്നു. പകരം സംവിധാനം ഒരുക്കാതെ വീട്ടുകാരെ പുറത്താക്കിയ വിഷയത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ യായ കെ.പി. മോഹനന്റെ ഇടപെടൽ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനുമായും കേരള ബാങ്ക് ഉദ്യോഗസ്ഥൻമാരുമായും എം.എൽ.എ സംസാരിച്ചിരുന്നു. എൽ.ജെ.ഡി ജില്ലാ കമ്മിറ്റിയംഗം പി. ചന്ദ്രൻ, കോട്ടയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. സുരേശൻ, എം.എം.പ്രമീഷ്, പി.ആർ.ആരിർ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.