 
തളിപ്പറമ്പ്: ഭിന്നശേഷികാരിയേയും കുടുംബത്തേയും ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. സംഭവമറിഞ്ഞ വിഷമത്തിൽ ഗൃഹനാഥൻ ഇറങ്ങിപ്പോയി. കുറുമാത്തൂർ അതിരിയാടെ അബ്ദുള്ളയുടെ ഷബാനാസ് എന്ന വീടാണ് എച്ച് ഡി.എഫ്.സി ബാങ്ക് ജപ്തി ചെയ്തത്. ഇതേ തുടർന്ന് അർദ്ധരാത്രി വരെ ഒറ്റപ്പെട്ട് കഴിഞ്ഞ ഭിന്നശേഷിക്കാരിയായ മകൾ ഷബാനയേയും രോഗിയായ ഉമ്മ ഹാജിറയേയും നാട്ടുകാർ ഇടപെട്ട് ബന്ധുവീട്ടിൽ എത്തിക്കുകയായിരുന്നു. ജപ്തിവിവരമറിഞ്ഞ അബ്ദുള്ള വിഷമത്തെ തുടർന്ന് ഇവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
2017ലാണ് വീട് നിർമ്മാണത്തിനായി എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂർ ശാഖയിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തത്. 33,000 രൂപയായിരുന്നു മാസ തിരിച്ചടവ്. ആദ്യ ഘട്ടത്തിൽ കൃത്യമായി വായ്പ തിരിച്ചടച്ചിരുന്നു. കൊവിഡിനെ തുടർന്ന് ഗൾഫിലെ സ്ഥാപനം ഉപേക്ഷിച്ച ഇദ്ദേഹം പിന്നീട് മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് ചേർന്നെങ്കിലും രണ്ട് മാസം മുമ്പും അതും നഷ്ടപ്പെട്ടു. ഇതെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹത്തിന് കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും ഭാര്യയുടെയും മകളുടെയും ചികിത്സാചിലവും കാരണം വായ്പ കുടിശികയാവുകയായിരുന്നു.
എട്ട് വയസ് മുതൽ അരക്ക് താഴെ തളർന്നുപോയ മകൾ ഷബാന ചക്രക്കസേരയിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇവരുടെ ചികിത്സക്ക് ലക്ഷങ്ങൾ ചിലവായിരുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം അബ്ദുള്ള ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും കുടിശിക തിരിച്ചടക്കാൻ മൂന്ന് മാസത്തെ സാവകാശം തേടുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് മാസത്തെ സാവകാശം നൽകാതെയാണ് കുടുംബത്തെ ഇറക്കി വിട്ടുവെന്നാണ് പറയപ്പെടുന്നത് . ജപ്തിക്ക് എത്തിയ ഉദ്യോഗസ്ഥരോട് കുറച്ചുദിവസം സാവകാശം അനുവദിക്കണമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. വായ്പ സംബന്ധിച്ച ഒരു കടലാസിൽ ഒപ്പിടാനെന്ന് പറഞ്ഞ് ഒപ്പിടിവിപ്പിച്ച ശേഷം വീട്ടിൽ നിന്ന് ഒരു സാധനം പോലും എടുക്കാൻ വിടാതെ ഇറക്കിവിടുകയായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബാങ്ക് അധികൃതരുടെ നടപടി. ഇതിന് പിന്നാലെ മാനസികമായി തകർന്ന അബ്ദുള്ള ഇവിടെ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.