കണ്ണൂർ: തളാപ്പിലെ ചൈതന്യ ക്ലിനിക്കിന്റെ പൂട്ടു കുത്തിപ്പൊളിച്ച് ഡോക്ടറുടെ മേശവലിപ്പിലെ പണം കവർന്ന കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ചെന്നിത്തല തുമ്പിനാത്ത് ഹൗസിൽ തീപ്പൊരി പ്രസാദിനെ (53)യാണ് കണ്ണൂർ ടൗൺ സി.ഐ ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി തെക്കിബസാർ പരിസരത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്. മോഷണം നടന്ന ദിവസം രാത്രി പ്രസാദിനെ ക്ലിനിക്കിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നുവെന്ന് ഒരാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കുറ്റംസമ്മതിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കവർച്ച നടന്നത്.
കഴിഞ്ഞ 11 മാസത്തോളമായി തെക്കിബസാറിൽ താമസിച്ച് കൂലിപ്പണി ചെയ്യുന്ന പ്രസാദിന്റെ പേരിൽ ഇതുവരെ 60 ഓളം കവർച്ചാ കേസുകളുള്ളതായും ജില്ലയിൽ പയ്യന്നൂരിൽ നിന്ന് 2019 ൽ നടത്തിയ കേസുമുണ്ടെന്നും പൊലീസ് പറഞ്ഞു. ജൂനിയർ എസ്.ഐ സൗമ്യ, എ.എസ്.ഐമാരായ രഞ്ജിത്ത്, അജയൻ, എസ്.സി.പി.ഒമാരായ നാസർ, പ്രമോദ്, സി.പി.ഒ ഷിജു എന്നിവരും അന്വേഷണസംഘത്തിലുണ്ട്.