mattannur

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണസമിതിയുടെ ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ എന്നിവരെ വ്യാഴാഴ്ച തിരഞ്ഞെടുക്കും. രാവിലെ 11ന് നഗരസഭാ കൗൺസിൽ ഹാളിൽ ചെയർമാൻ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പും നടക്കും. വരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മുപ്പത്തിയഞ്ച് അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 21 അംഗങ്ങളും യു.ഡി.എഫിന് 14 അംഗങ്ങളുമാണുള്ളത്. നെല്ലൂന്നി വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ എൻ.ഷാജിത്താണ് നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മുൻ നഗരസഭാ വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി ചെയർമാനായ ഷാജിത്ത് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്. മണ്ണൂർ വാർഡിൽ നിന്ന് വിജയിച്ച പി.രാഘവനാണ് യു.ഡി.എഫിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പുതുമുഖങ്ങളിൽ ആരെയെങ്കിലും പരിഗണിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ ദിവസമാണ് നഗരസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.