പാനൂർ: മുന്നറിയിപ്പൊന്നും നല്കാതെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്ന് പാനൂർ പൊലീസിൽ അഭയം തേടി കുടുംബം. മീത്തലെ ചമ്പാട്ടെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടതായി വേങ്ങാട് സ്വദേശികളായ സജിത്തും ശോഭയുമാണ് പരാതിപ്പെട്ടത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളുമായി രാത്രി മുഴുവൻ ഇവർ പൊലീസ് സ്റ്റേഷനിൽ തങ്ങി. തുടർന്ന് പൊലീസിടപ്പെട്ട് കുടുംബത്തെ വാടക വീട്ടിലേക്ക് തന്നെ തിരിച്ചെത്തിച്ചു.
നേരത്തെ കൂരാറയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബം ഒരു മാസം മുൻപാണ് മീത്തലെ ചമ്പാടേക്ക് താമസം മാറ്റിയത്. 10,000 രൂപ മുൻകൂറായി നൽകാനും പ്രതിമാസം 5000 രൂപ വാടകയുമാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഡ്വാൻസ് തുക ഒരു മാസമായിട്ടും ലഭിക്കാത്തതിനെത്തുടർന്ന് വീട്ടുടമ മുന്നറിയിപ്പൊന്നും നൽകാതെ വീട് പൂട്ടുകയായിരുന്നുവത്രെ. കുട്ടികൾ ഉൾപ്പെട്ട കുടുംബമായതിനാൽ 10 ദിവസത്തെ സാവകാശം നൽകണമെന്ന് പൊലീസ് നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം കുടുംബത്തെ ഇറക്കിവിട്ടിട്ടില്ലെന്നും വാടക നൽകണമെന്നാവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വീട്ടുടമസ്ഥർ പ്രതികരിച്ചു.