
ചീമേനി: ആനിക്കാടിക്ക് സമീപം കുന്നുംകിണറ്റുകരയിലെ വീടിന് സമീപം ഒത്തുകൂടി കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കാൻ ശ്രമിച്ച ബംഗളുരു വിദ്യാർത്ഥികളെ ചീമേനി പൊലീസ് അറസ്റ്റുചെയ്തു. രഹസ്യ വിവരം ലഭിച്ചു സ്ഥലത്തെത്തിയ ചീമേനി എസ്.ഐ അജിതയും സംഘവുമാണ് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.
ബംഗളുരുവിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾ അവിടെ വച്ച് സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. നാട്ടിൽ കഞ്ചാവ് കിട്ടാതെ മാനസിക പ്രയാസത്തിലായിരുന്ന സംഘം കഞ്ചാവ് സംഘത്തിൽ നിന്ന് സാധനം സംഘടിപ്പിച്ച് സ്ത്രീ മാത്രം താമസിക്കുന്ന വീടിന് അടുത്ത് രഹസ്യമായി ഒത്തുകൂടി സിഗരറ്റിൽ കഞ്ചാവ് നിറച്ചു വലിക്കുകയായിരുന്നു. ഇതിനിടയിലാണ് എസ്.ഐ അജിതയും സംഘവും എത്തി ഇവരെ പൊക്കിയത്.
രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് ചെയ്യുക മാത്രമല്ല പൊലീസ് തന്നെ ഇടപെട്ട് ഇവർക്ക് കൗൺസിലിംഗ് കൊടുത്തുവരികയാണ്. കൂടുതൽ കഞ്ചാവ് പിടിച്ചെടുക്കാത്തതിനാൽ കർശന ഉപാധികളോടെ സ്റ്റേഷനിൽ നിന്നും വിദ്യാർത്ഥികൾക്ക് ജാമ്യം നൽകി.
വിദ്യാർഥികൾ കഞ്ചാവ് വലിക്കാൻ എത്തിയ പ്രദേശം സ്ഥിരമായി കഞ്ചാവും വ്യാജമദ്യവും എത്തുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. ബൈക്കുകളിലും സ്കൂട്ടറുകളിലും മദ്യക്കുപ്പികൾ എത്തിക്കുന്ന ഒരു സംഘം തന്നെ ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്.