blo
ബി.എൽ.ഒമാരുടെ പ്രശ്നം സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: ഏറെനാളത്തെ മുറവിളിക്കു ശേഷം ബൂത്ത് ലെവൽ ഓഫീസർമാർക്ക് സർക്കാർ ഓണറേറിയം അനുവദിച്ചു കൊണ്ടു ഉത്തരവിറക്കി. 2021-2022 ജൂണിൽ വരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ വേതനവും ഫോൺ കുടിശികയുമാണ് അനുവദിച്ചത്. ഇലക്ഷൻ അക്കൗണ്ട് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ 13ന് പുറപ്പെടുവിപ്പിച്ച ഓർഡർ പ്രകാരമാണ് പണം അനുവദിച്ചത്.
18,05,97,600 രൂപ ജില്ലാ വരണാധികാരി കൂടിയായ കളക്ടറുടെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗ ഹെഡ് ഓഫ് അക്കൗണ്ടിലേക്കാണ് അനുവദിച്ചത്. ഇലക്ഷൻ കമ്മീഷണറുടെ സെക്രട്ടറി സഞ്ജയ് എം. കൗളാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. അടിയന്തിരമായി ഈ തുക നൽകണമെന്ന് നിർദ്ദേശമുണ്ട്. ഓരോ ബൂത്ത് ലെവൽ ഓഫീസർക്കും 7200രൂപയാണ് ഇതുപ്രകാരം കൈയിൽ കിട്ടുന്നത്. സംസ്ഥാനത്തെ കാൽലക്ഷമോളം ബൂത്തുകളിൽ ജോലി ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്കാണ് വേതനം ലഭിക്കുന്നത്. കടമ്പൂർ, മുഴപ്പിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാരുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ദിവസം ഈ പണമെത്തിയിട്ടുണ്ട്. 2021-22 കാലത്തെ ഓണറേറിയം ബൂത്ത് ലെവൽ ഓഫീസർമാർക്ക് ലഭിക്കാത്തതിനെ കുറിച്ചു കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഓണക്കാലത്ത് സർക്കാർ ഓണറേറിയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എൽ.ഒമാർ സ്വന്തം വീടുകളിൽ തിരുവോണ ദിവസം പട്ടിണിസമരം നടത്തി പ്രതിഷേധിച്ചിരുന്നു.


പ്രതിമാസം അഞ്ഞൂറു രൂപ

പ്രതിമാസം അഞ്ഞൂറു രൂപ നിരക്കിൽ 7200 രൂപയാണ് ബി. എൽ. ഒമാർക്ക് വാർഷിക വരുമാനം. അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുളളവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ബൂത്ത് ലെവൽ ഓഫീസർമാരായി പ്രവർത്തിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇവർക്ക് വേതനം നൽകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇവർ നൽകിയ നിവേദനത്തിന്റെയും സമരത്തിന്റെയും ഫലമായാണ് ഇപ്പോൾ വേതനം അനുവദിക്കാൻ സർക്കാർ തയ്യാറായത്. എന്നാൽ തങ്ങളുടെ അദ്ധ്വാനത്തിനനുസരിച്ചു പ്രതിഫലം നൽകണമെന്നാണ് ബി. എൽ.ഒമാരുടെ ആവശ്യം. ഇപ്പോൾ വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. എന്നാൽ ഇതിന് വളരെ തുച്ഛമായ വേതനം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.

ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഡാറ്റാ ചിലവിലേക്കായി വെറും നൂറുരൂപ മാത്രമാണ് പ്രതിമാസം നൽകുന്നത്. ഇതു വർദ്ധിപ്പിച്ചു നൽകണമെന്നും നേരത്തെ വാഗ്ദാനം ചെയ്ത സ്മാർട്ട്‌ഫോൺ നൽകണം- ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്