മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണസമിതിയുടെ ചെയർമാനായി സി.പി.എമ്മിലെ എൻ.ഷാജിത്തിനെ തിരഞ്ഞെടുത്തു. നെല്ലൂന്നി വാർഡിൽ നിന്നാണ് ഇദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ ഷാജിത്തിന് 21 വോട്ടും യു.ഡി.എഫിൽ നിന്ന് മത്സരിച്ച പി.രാഘവന് 14 വോട്ടും ലഭിച്ചു. വൈസ് ചെയർപേഴ്‌സണായി ദേവർകാട് വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ഒ.പ്രീത തിരഞ്ഞെടുക്കപ്പെട്ടു.
35 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 21 അംഗങ്ങളും യു.ഡി.എഫിന് 14 അംഗങ്ങളുമാണുള്ളത്. മുൻ നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന എൻ.ഷാജിത്ത് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ്. സി പി.എം. മട്ടന്നൂർ ലോക്കൽ കമ്മിറ്റിയംഗമായ ഇദ്ദേഹം മുൻ മട്ടന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.മുകുന്ദന്റെ മകനാണ്. നഗരസഭാ ആസൂത്രണ സമിതിയംഗവും കെ.എസ്.ടി.എ. മട്ടന്നൂർ ബ്രാഞ്ച് പ്രസിഡന്റുമാണ്. വരണാധികാരിയായ കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. വരണാധികാരി മുമ്പാകെ ഷാജിത്ത് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വൈസ് ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ഒ.പ്രീത മുൻ നഗരസഭാ സി.ഡി.എസ്. ചെയർപേഴ്‌സണായി പ്രവർത്തിച്ചിട്ടുണ്ട്.
പാലോട്ടുപള്ളി വാർഡിൽ നിന്ന് വിജയിച്ച മുസ്ലിംലീഗിലെ പി.പ്രജിലയാണ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ചത്. പ്രജിലയ്ക്ക് 14 വോട്ടും പ്രീതയ്ക്ക് 21 വോട്ടും ലഭിച്ചു. ചെയർമാൻ എൻ.ഷാജിത്ത് പ്രീതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ നഗരസഭാ ചെയർമാൻമാരായ കെ.ടി.ചന്ദ്രൻ, കെ.ഭാസ്‌ക്കരൻ, അനിതാ വേണു, മുൻ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, വിവിധി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ച് സംസാരിച്ചു.