പയ്യന്നൂർ: മാരക മയക്കുമരുന്ന് സഹിതം യുവാവിനെ പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം
അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് ദേബിചാന്ദന സ്വദേശി എസ്.കെ. സാബിറിനെ (29)യാണ്
15 ഗ്രാം ബ്രൗൺ ഷുഗർ സഹിതം ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
പെരുമ്പ ഭാഗങ്ങളിൽ ട്രക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്.
ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു യുവാവ്. പ്രിവന്റീവ് ഓഫിസർമാരായ പി.വി. ശ്രീനിവാസൻ, വി. മനോജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി. ഖാലിദ്, എം.പി. സുരേഷ്ബാബു, സിവിൽ ഓഫീസർമാരായ ടി.വി. വിജിത്ത്, എ.വി. സജിൻ, പി.സൂരജ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.