കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിലെ പാറക്കൂട്ടങ്ങൾക്കിടെയിൽ ഡോൽഫിൻ ഇനത്തിൽപ്പെട്ട കടൽസസ്തനിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് നാലുദിവസം പഴക്കമുള്ള ഡോൽഫിന്റെ സ്പീഷിസിലുള്ള ഫിൻലെസ് പോർപൊയ്സ് വർഗത്തിൽപ്പെട്ട ഡോൽഫിനെ കണ്ടെത്തിയത്. ഉൾക്കടലിൽ മാത്രം കാണപ്പെടുന്ന അപൂർവ്വ ഡോൾഫിൻ വർഗത്തിൽപ്പെടുന്നതാണിത്. കൂട്ടത്തോടെ മാത്രമേ സഞ്ചരിക്കാറുള്ളൂ. മത്സ്യബന്ധന ബോട്ടുകൾ ഇടിച്ചാവാം മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പരുക്കുകളൊന്നും ദേഹത്ത് കണ്ടെത്തിയിട്ടില്ല.
പോളിടെക്നിക്ക് വിദ്യാർത്ഥിയും അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകനുമായ വിഷ്ണുവാണ് ആദ്യം ഡോൽഫിനെപാറക്കൂട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ ഡി. എഫ്. ഒയെയും ബീച്ച് ഹോംഗാർഡിനെയും വിവരമറിയിക്കുകയായിരുന്നു.കടലിൽ നിന്നും ചത്ത ഡോൽഫിൻ കരയ്ക്കടിയുകയായിരുന്നു. മൂന്ന് കിലോയോളം തൂക്കം വരും. ദുർഗന്ധം വമിക്കുന്ന നിലയിലാണ് പാറക്കൂട്ടത്തിൽ കണ്ടെത്തിയത്. ഡി. എഫ്. ഒവിന്റെ നേതൃത്വത്തിലെത്തി പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം ജഡം മറവു ചെയ്യും.
ഷെഡ്യൂൾ വണ്ണിൽ
ഷെഡ്യൂൾ വൺ കാറ്റഗറിയിൽ വരുന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽ സസ്തനിയാണ് ഇതെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരിലൊരാളായ സാജൻ ജോൺ പറഞ്ഞു. വടക്കെ മലബാറിലെ കടലിൽ ചിരപരിചിതമായ കടൽ സസ്തനിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കടലിന്റെ ഉപരിതലത്തിൽ നിന്നും ഡോൽഫിനെപ്പോലെ തന്നെ ഓക്സിജൻ ശ്വസിക്കുന്നതാണ് ഇതിന്റെ സവിശേഷത.
അങ്ങേയറ്റം ജൈവിക പരിഗണന നൽകേണ്ട ജീവിയാണ് ഫിൻലെസ് പോർപൊയ്സ്. ഇതിന്റെ മരണം കാരണം പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു. ഇതിനെ അപായപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റക്കരമാണ്-സാജൻ ജോൺ ,വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകൻ