forest

കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യസംഘമെത്തി. കണ്ണൂർ ഡിവിഷന് കീഴിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. വനം വകുപ്പിന്റെ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ജിതിൻ, എൻ.എം.ആർ ജീവനക്കാരായ അനൂപ്, മെൽജോ, രാജേന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഇവർക്ക് പുറമെ കാസർകോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ഡിവിഷൻ ജീവനക്കാർ, കണ്ണൂർ, കാസർകോട് ആർ.ആർ.ടി. ജീവനക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്തി വിപുലമായ ദൗത്യസേനയാണ് ഒരുക്കുക. കാട്ടാനശല്യത്തിൽ ജനജീവിതം ദുസഹമായതോടെ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ വനംവകുപ്പ് മേധാവി ബെന്നിച്ചൻ തോമസിനെ കണ്ടു ചർച്ച നടത്തിയതിനെ തുടർന്നാണു പ്രത്യേകസേന രൂപീകരിക്കാൻ തീരുമാനമായത്. ദൗത്യസേനാംഗങ്ങളോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പ്രദേശത്തെ സാഹചര്യം വിശദീകരിച്ചു. ഡി.എഫ്.ഒ പി. ബിജു, സാമൂഹ്യവനവത്കരണ വിഭാഗം ഡി.എഫ്.ഒ പി. ധനേഷ്‌കുമാർ, കാസർകോട് ഫോറസ്റ്റ് റേഞ്ചർ ടി.ജി.സോളമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സോളാർ തൂക്കുവേലി

നിർമ്മാണവും മുടങ്ങി

കാസർകോട് റേഞ്ചിനു കീഴിൽ മുളിയാർ, ദേലംപാടി, ബേഡകം, കുറ്റിക്കോൽ, കാറഡുക്ക പഞ്ചായത്തുകളിൽ കാട്ടാനകൾ കൃഷി വ്യാപകമായി നശിപ്പിക്കുകയും, വാഹനങ്ങൾ, വീടുകൾ വൈദ്യുതി തൂണുകൾ എന്നിവ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. ജനജീവിതത്തിന് തന്നെ ഭീഷണിയായി 12 ഓളം കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ സോളാർ തൂക്കുവേലി നിർമ്മാണവും ആനകളെ കാട്ടിലേക്ക് കയറ്റിവിടാത്തതു മൂലം നിർത്തിവച്ചിരിക്കുകയാണ്.