shamseer

കണ്ണൂർ: എ.എൻ. ഷംസീർ പ്രമുഖ ചെറുകഥാകൃത്ത് ടി. പദ്മനാഭനെ വീട്ടിൽ സന്ദർശിച്ച് സ്പീക്കർ എന്നെഴുതിയ പേന സമ്മാനിച്ചു. പദ്മനാഭന്റെ കഥകളെക്കുറിച്ചും കഥാസന്ദർഭങ്ങളെക്കുറിച്ചും ഷംസീർ ചോദിച്ചറിഞ്ഞു.

കഥാപാത്രം എഴുത്തുകാരന് ഓണക്കോടി സമ്മാനിച്ചതിന്റെ വിശേഷമായിരുന്നു പദ്മനാഭന് പറയാനുണ്ടായിരുന്നത്. നോ പ്രോബ്‌ളം എന്ന കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തന്റെ സുഹൃത്ത് വഴി ഖാദിയുടെ മേൽത്തരം കുപ്പായത്തുണിയും ഡബിൾ മുണ്ടുമാണ് സമ്മാനിച്ചത്.

പുതിയ പുസ്തകമായ പദ്മനാഭന്റെ കുട്ടികൾ എന്ന സമാഹാരത്തിൽ ഒപ്പിട്ട് സമ്മാനിച്ചാണ് കഥാകാരൻ സ്പീക്കറെ യാത്രയാക്കിയത്. കെ.വി. സുമേഷ് എം.എൽ.എ, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ചിറയ്ക്കൽ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. പ്രശാന്തൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.