തലശ്ശേരി: ഈങ്ങയിൽ പീടിക ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി പ്രവർത്തകർ കഴിഞ്ഞ ഒന്നര മാസമായി നടത്തി വരുന്ന വിവിധ ഓണാഘോഷ പരിപാടികളുടെ സമാപനമായി ഞായറാഴ്ച സർഗോത്സവം അരങ്ങേറും. സർഗ്ഗോത്സവത്തോടനുബന്ധിച്ച് മോട്ടിവേഷൻ ക്ലാസ്, സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, സ്പീക്കർ എ.എൻ. ഷംസീറിന് പൗരസ്വീകരണം, നാടൻ കലാമേള, കൈയ്യെഴുത്ത് മാസിക പ്രകാശനം, ഞാറ്റ്വേല ശ്രീധരന് ആദരം, സമ്മാന വിതരണം, തുടങ്ങിയ പരിപാടികൾ അരങ്ങേറുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാംസ്‌കാരിക സമ്മേളനം സ്പീക്കർ അഡ്വ. ഷംസീർ ഉദ്ഘാടനം ചെയ്യും. എം.കെ. ആദിത്യൻ, അനു നന്ദ ബൈജു, കെ. സായന്ത്, വായനശാല ഭാരവാഹികളായ കെ. അച്യുതൻ, കെ.പി. അരുൺകുമാർ, ടി.കെ. ഷാജ്, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ യു. ബ്രിജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.