കാഞ്ഞങ്ങാട്: തെരുവ് നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നഗരസഭ കൗൺസിൽ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. തെരുവ് നായകൾക്ക് അഭയ കേന്ദ്രം ഒരുക്കാനും ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി വന്ധ്യംകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 1155 പേർ തെരുവ് നായകളുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയിരുന്നതായി ചെയർപേഴ്സൺ കെ.വി.സുജാത അറിയിച്ചു.
കഴിഞ്ഞ തവണ 156 നായകളെ വന്ധ്യംകരണത്തിന് വിധേയമാക്കി. ഇതിനായി മൂന്ന് ലക്ഷം രൂപ ചെലവിട്ടതായും അവർ പറഞ്ഞു. ചർച്ചയിൽ കെ.കെ. ജാഫർ, എൻ. അശോക് കുമാർ, പള്ളിക്കൈ രാധാകൃഷ്ണൻ, രവീന്ദ്രൻ പുതുക്കൈ, സി.എച്ച്. സുബൈദ, ടി.വി. മോഹനൻ, ടി.കെ. സുമയ്യ, ടി.വി. സുജിത്ത് എന്നിവർ പങ്കെടുത്തു. ചിൽഡ്രൻസ് പാർക്കിന് പുറകിലുള്ള കെട്ടിടമാണ് നായകൾക്കുള്ള അഭകേന്ദ്രമായി കണ്ടെത്തിയിട്ടുള്ളത്. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത അദ്ധ്യക്ഷയായി.