sameer

കാസർകോട്: കൂടെയുള്ള ആറു വയസുകാരനെ തെരുവ് നായ കടിച്ചു. ഇതോടെ, മദ്രസയിൽ പോകാൻ ഭയന്നു നിൽക്കുകയാണ് സമീറിന്റെ മൂന്ന് മക്കളുൾപ്പെടെ 13 കുരുന്നുകൾ. എയർ ഗൺ കൈയിലേന്തി മുന്നിൽ നടന്ന് സമീർ പറഞ്ഞു, ധൈര്യമായി വന്നോളൂ, നിങ്ങളെ സംരക്ഷിക്കാൻ ഞാനുണ്ട്... രക്ഷിതാവിന്റെ അകമ്പടി യാത്ര സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്.

കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലാണ് സംഭവം. ഇവിടത്തെ താമസക്കാരൻ സമീർ ആണ് കഥയിലെ ഹീറോ. സമീറിന്റെ യാത്രയുടെ വീഡിയോ സുഹൃത്തുക്കൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

സമീറിന്റെ മക്കൾക്കൊപ്പം പരിസരത്തുമുള്ളവരാണ് നായ ഭയമില്ലാതെ പിന്നാലെ നടക്കുന്നത്. നായ കടിക്കാൻ വന്നാൽ വെടിവയ്ക്കും. ധൈര്യമായി വന്നോളൂ എന്ന് സമീർ പറയുന്നത് വീഡിയോയിലുണ്ട്. നാഷണൽ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റ് കൂടിയാണ് സമീർ.

വ്യാഴാഴ്ച രാവിലെയാണ് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ നായ കടിച്ചത്. സിമന്റ് ലോഡ് ഇറക്കാൻ വന്ന ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു.

വീടിന്റെ ഷോക്കേസിൽ വച്ചിരുന്ന വെറും 9000 രൂപ വിലയുള്ള എയർ ഗൺ ആയിരുന്നു കൈയിൽ. ഇതു കൊണ്ട് വെടിവച്ചാൽ പട്ടി ചാകില്ല. എന്തായാലും തങ്ങൾ സുരക്ഷിതരാണെന്ന ബോധം കുട്ടികൾക്കുണ്ടായി. നാട്ടിൽ നായ ശല്യം അതിരൂക്ഷമാണ്. നടപടിയെടുക്കണം. - സമീർ