ആലക്കോട്: യാത്രക്കാരെ പെരുവഴിയിലാക്കി മലയോര ഹൈവേയിലൂടെ പാണത്തൂർ-ചെറുപുഴ-ആലക്കോട്-ഇരിട്ടി റൂട്ടിൽ വാണിയപ്പാറ വരെ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്. ടയർ പഞ്ചറായതിനെത്തുടർന്ന് യാത്രക്കാർ കുടുക്കിലായി. ഇന്നലെ വൈകിട്ട് 5.10 ന് ആലക്കോട് ടൗണിൽ യാത്രക്കാരെ കയറ്റുന്നതിനായി നിറുത്തിയ ബസിന്റെ പുറകുവശത്തെ ഒരു ടയർ വലിയ ശബ്ദത്തോടെ പഞ്ചറാകുകയായിരുന്നു. ശബ്ദം കേട്ട് ബസ്സിലുള്ളവരും ടൗണിലുണ്ടായിരുന്നവരും ആദ്യമൊന്ന് പകച്ചെങ്കിലും കാര്യമറിഞ്ഞതോടെ ആശങ്കയായി മാറി. ആലക്കോട് റൂട്ടിൽ ഇരിട്ടിയിലേയ്ക്ക് ഇനി വേറെ ബസ് സർവ്വീസ് ഇല്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ പകച്ചു.
ബസിൽ പകരം ടയർ ഇല്ലാത്തതിനാൽ സർവ്വീസ് നടത്താനും നിവൃത്തിയില്ല. ബസ് ജീവനക്കാർ കാഞ്ഞങ്ങാട് ഡിപ്പോയിൽ വിവരമറിയിച്ചെങ്കിലും അവിടെ നിന്നും ടയറെത്തിച്ച് യാത്ര തുടരാൻ പറ്റാത്തതിനാൽ അടുത്തുള്ള ടയർ റീസോളിംഗ് കേന്ദ്രത്തിലേയ്ക്ക് ഉള്ള ടയറുമായി വണ്ടിയോടിച്ച് എത്തുകയല്ലാതെ വേറെ വഴിയില്ലാതായി. ആലക്കോട് നിന്നും കരുവൻചാലിലേയ്ക്ക് യാത്രക്കാരുമായെത്തിയ വണ്ടി ടയർ അഴിച്ച് പഞ്ചറൊട്ടിച്ച് വീണ്ടും യാത്ര തിരിച്ചപ്പോൾ സമയം ഒരുമണിക്കൂർ വൈകിയിരുന്നു. ഇരിട്ടിയിൽ 6.30 ന് എത്തേണ്ട ബസ് രാത്രി 7.30 നാണെത്തിയത് ഇരിട്ടിയിൽ നിന്നും 200 രൂപ ഓട്ടോ ചാർജ്ജ് കൊടുത്താലേ ഇനി വീട്ടിലെത്തുകയുള്ളുവെന്ന് യാത്രക്കാരിലൊരാൾ പരിതപിക്കുന്നുണ്ടായിരുന്നു.
വഴിയിൽ പെട്ടാൽ പെട്ടതുതന്നെ!
കെ.എസ്.ആർ.ടി.സി യുടെ വർക്ക്‌ഷോപ്പുകളൊന്നുമില്ലാത്ത ഈ റൂട്ടിൽ നിരവധി ആനവണ്ടികൾ സർവ്വീസ് നടത്തുന്നുണ്ട്. ഒരു ബസിനുപോലും മാറ്റിയിടാൻ സ്റ്റെപ്പിനി ടയർ ഉണ്ടാകാറില്ല. ബസിന്റെ ടയർ പഞ്ചറാകുകയോ എഞ്ചിൻ തകരാർ സംഭവിക്കുകയോ ചെയ്താൽ യാത്രക്കാരും ബസിലെ ജീവനക്കാരും പെട്ടതുതന്നെ. ദീർഘദൂരസർവ്വീസുകളടക്കം ഇരുപതോളം കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്ന ആലക്കോട് മേഖലയിൽ ഒരു റിപ്പയറിംഗ് യൂണിറ്റ് സ്ഥാപിച്ചാൽ ഏറെ പ്രയോജനപ്പെടും. കണ്ണൂർ ജില്ലയിലെ ഏക ദേശസാൽകൃത റൂട്ടായ ഒടുവള്ളിത്തട്ട് കുടിയാന്മല റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾക്കും ഇത് പ്രയോജനപ്പെടും.