
നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളജ് കണ്ണൂർ ജില്ലാ അതിർത്തിയിൽ
കൊട്ടിയൂർ: മലയോര ജനതയുടെ ആരോഗ്യമേഖലയിലെ വികസന സ്വപ്നങ്ങൾക്ക് പുതുപ്രതീക്ഷയേകുന്ന നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് കണ്ണൂർ ജില്ലാ അതിർത്തിയായ കൊട്ടിയൂരിൽ തുടങ്ങുമെന്നുറപ്പായി. കൊട്ടിയൂർ , കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, കോളയാട്,ചിറ്റാരിപ്പറമ്പ്, മാലൂർ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അനുഗ്രഹമാകും
വയനാട് മെഡിക്കൽ കോളേജ് നിർമ്മാണത്തിനായി കണ്ണൂർ ജില്ല അതിർത്തിയുടെ വിളിപ്പാടകലെ ഭൂമി അനുവദിച്ച് കഴിഞ്ഞ മാർച്ചിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. കണ്ണൂർ ജില്ലാ അതിർത്തിയുടെ വിളിപ്പാടകലെയുള്ള ഭൂമിയിൽ തന്നെ വയനാട് മെഡിക്കൽ കോളേജ് നിർമ്മിക്കാൻ നടപടികൾ ഊർജിതമാക്കി സർക്കാർ .വയനാട് മെഡിക്കൽ കോളേജ് നിർമാണം വേഗത്തിലാക്കാൻ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവും പദ്ധതി നിർവഹണ എജൻസി വാപ്‌കോസിന്റെ ഉദ്യോഗസ്ഥരും നിർദിഷ്ട മെഡിക്കൽ കോളേജ് നിർമിക്കുന്ന ബോയ്‌സ് ടൗണിലെ സ്ഥലം സന്ദർശിച്ചു.രണ്ടാഴ്ചക്കകം അന്തിമരൂപരേഖ തയ്യാറാക്കി സമർപ്പിക്കണമെന്ന് ഡയറക്ടറും എം.എൽ.എയും ആവശ്യപ്പെട്ടു.
നിലവിൽ പ്രദേശത്തെ നൂറ് കണക്കിന് രോഗികൾ മാനന്തവാടി ജനറൽ ആശുപത്രിയിൽ ചികിൽസ തേടി പോകുന്നുണ്ട്. കണ്ണൂരിന്റെ മലയോര ജനതക്ക് കുറഞ്ഞ ദൂരത്തിൽ എത്താവുന്ന മെഡിക്കൽ കോളേജാണ് ബോയ്‌സ് ടൗണിൽ സ്ഥാപിക്കുന്ന വയനാട് ഗവ മെഡിക്കൽ കോളേജ്.കൊട്ടിയൂരിൽ നിന്നും ഇരുപതും, കേളകത്ത് നിന്നും ഇരുപത്തിയേഴും പേരാവൂരിൽ നിന്നും മുപ്പതും കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആറളം, മുഴക്കുന്ന് ,കോളയാട് ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് എളുപ്പത്തിലെത്താവുന്ന വിദഗ്ദ്ചികിൽസാ കേന്ദ്രമെന്നതാണ് കണ്ണൂരിന്റ മലയോര ജനതയുടെ പ്രതിക്ഷ.
ബോയ്സ് ടൗണിലെ 65 ഏക്കറിൽ
ബോയ്‌സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽ നിന്നും സർക്കാർ ഏറ്റെടുത്ത 65 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജ് നിർമാണത്തിനായി അനുവദിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ഉത്തരവ് ഇറക്കിയത്. ഈ ഭൂമിയിലാണ് ആരോഗ്യവകുപ്പ് ഉന്നതതല സംഘം ഒ.ആർ.കേളു എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. മെഡിക്കൽ കോളേജിന്റെ രൂപരേഖയും സ്ഥലവും ഒത്തുനോക്കി വിശദ പരിശോധനകൾ നടത്തി. കണ്ണൂർ അതിർത്തിയിൽ നിന്നും വിളിപ്പാടകലെയാണ് ബോയ്‌സ് ടൗൺ.
വയനാട് മെഡി.കോളജ്
എസ്റ്രിമേറ്റ് ₹308 കോടി
അക്കാഡമിക് ബ്ലോക്ക്
സ്റ്റാഫ് ക്വാർട്ടേഴ്‌സ്
സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ
കോളേജ് സപ്പോർട്ട് സർവീസ്
കെട്ടിട സമുച്ചയം.2,48,009 സ്‌ക്വയർ മീറ്റർ