accident

തളിപ്പറമ്പ്: കുറ്റിക്കോലിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അദ്ധ്യാപകനും സുഹൃത്തിനും പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കുറ്റിക്കോൽ ദേശീയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് തേർത്തല്ലി കൂടപ്രം സ്വദേശി ശ്രീരാജ് (25), സുഹൃത്ത് പരിയാരം സ്വദേശി ജോമോൻ (24) എന്നിവരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോമോൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തളിപ്പറമ്പിലെ ഹോട്ടലിൽ നിന്നും ഭക്ഷണവുമായി കുറ്റിക്കോലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എതിരെ വന്ന വാഹനം ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം വിട്ട് പെട്ടിക്കടയും തകർത്ത് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാട്ടുകാരും തളിപ്പറമ്പ് പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പൂങ്കോട് എൽ.പി സ്കൂൾ അദ്ധ്യാപകനാണ് ശ്രീരാജ്.