കണ്ണൂർ: ജില്ല ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ പതിനാറാമത് പുസ്തകോത്സവം 20 മുതൽ 25 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കും. കേരളത്തിലെ നൂറിൽ പരം പ്രസാധകരുടെ നാൽപതിലേറെ സ്റ്റാളുകൾ മേളയിലുണ്ടാകുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
20ന് വൈകീട്ട് മൂന്നിന് ടി. പദ്മനാഭൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. അക്ഷരം ത്രൈമാസിക രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പ്രകാശിപ്പിക്കും. ഡോ. എ. വത്സലൻ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറിന് ഫോക്‌ലോർ അക്കാഡമി സഹകരണത്തോടെ പിലാത്തറ ലാസ്യ കോളേജിന്റെ സൂര്യപുത്രൻ നൃത്താവിഷ്‌കാരം അരങ്ങേറും.
21ന് രാവിലെ 11ന് എം. മുകുന്ദൻ ആദരസമ്മേളനം കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 22നും 23നും വൈകീട്ട് മൂന്നിന് സെമിനാർ. 24ന് രാവിലെ പത്തിന് ബാലവേദി സംഗമവും ലഹരിവിരുദ്ധ ചിത്രരചനയും നടക്കും. 24ന് വൈകീട്ട് മൂന്നിന് വനിതാവേദി പ്രവർത്തക സംഗമവും 'സാഹിത്യ സ്ത്രീജീവിതം' സെമിനാറും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ പങ്കെടുക്കും. 25ന് രാവിലെ 10.30ന് സമാപന സമ്മേളനം കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി. ജനാർദനനും സംബന്ധിച്ചു.