പയ്യന്നൂർ: സുപ്രീം കോടതി ഗോദവർമ്മൻ തിരുമുൽപ്പാട് കേസ്സിൽ ദേശീയോദ്യാനങ്ങളുടെയും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ഒരു കിലോമീറ്റർ ദൂരപരിധി ബഫർ സോണായി പ്രഖ്യാപിച്ച് നടത്തിയ ഉത്തരവിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേരള കർഷക സംഘം കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിത്തിലെ സി. ഗോവിന്ദൻ മാസ്റ്റർ നഗറിൽ ജില്ല പ്രസിഡന്റ് ഒ.വി. നാരായണൻ പതാക ഉയർത്തി. എ.ഐ.കെ.എസ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്‌തു.
കൃഷി ചെയ്തതുകൊണ്ട് മാത്രം ഈ രംഗത്ത് പിടിച്ച് നിൽക്കാൻ പറ്റില്ലെന്നുo നെല്ല് ഉൾപ്പെടെയുള്ള കാർഷിക വിളകളിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണി കണ്ടെത്തി സാമ്പത്തിക സ്രോതസ് വർദ്ധിപ്പിച്ചാൽ മാത്രമെ കൃഷി ലാഭകരമാക്കുവാൻ കഴിയുകയുള്ളൂവെന്നും ജയരാജൻ പറഞ്ഞു.ആധുനിക കാലഘട്ടത്തിൽ കർഷകരെ ഡിജിറ്റൽ സാങ്കേതിക വിദ്യ കൈവശമാക്കാൻ സംഘടന മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ പ്രസംഗിച്ചു. ഒ.വി. നാരായണൻ, പി. ശശിധരൻ, കെ.ജെ. ജോസഫ്, ഒ.കെ. വാസു, കെ. പത്മിനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം.സി. പവിത്രൻ അനുശോചന പ്രമേയവും പുല്ലായിക്കൊടി ചന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. 18 ഏരിയകളിൽ നിന്നുമുള്ള 560 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 5 ന് ഷേണായി സ്‌ക്വയറിലെ സി.വി. ദാമോദരൻ നഗറിൽ നടക്കുന്ന സമാപന പൊതുസമ്മേളനം സി.പി.എം.സംസ്ഥാന സെക്രട്ടറിയും ആൾ ഇന്ത്യ അഗ്രിക്കൾച്ചറർ വർക്കേർഴ്സ് യൂനിയൻ ജോയിന്റ് സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
കേരള കർഷക സംഘം കണ്ണൂർ ജില്ല സമ്മേളനം എ.ഐ.കെ.എസ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.