1

മാഹി: മയ്യഴിയിൽ ലഹരി വസ്തുക്കളുടെ വിപണനവും, ഉപയോഗവും വർദ്ധിച്ചു വരുന്നുവെന്ന പരാതികളെത്തുടർന്ന് മാഹി പൊലീസ് ശക്തമായ നടപടികളാരംഭിച്ചു. മാരകമായ ലഹരി വസ്തുക്കളായ എം.ഡി.എം.എ., കഞ്ചാവ് എന്നിവയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സ്‌മോക്കിംഗ് ബോങ്ങ് പൈപ്പ്, ഡിജിറ്റൽ വെയിംഗ് മെഷീൻ, രഹസ്യ നമ്പറുള്ള കരിയർ ബോക്സ്, അളവ് തൂക്കമറിയാനുള്ള മൊബൈൽ ഫോൺ, ഇരുചക്രവാഹനങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളൂർ കോയ്യോട്ട് തെരുവിലെ പി.കെ. മുഹമ്മദ് മസീദ് (27) ,തലശ്ശേരി ജൂബിലി റോഡിലെ യത്തീംഖാനക്ക് സമീപം എം. അൽത്താഫ് (41), തളിപ്പറമ്പത്ത് പൂവ്വത്തെ പന്നിയൂർ മുഹമ്മദ് ഫർദ്ദിൻ (21) എന്നിവരെയാണ് പന്തക്കൽ എസ്.ഐ പി.പി. ജയരാജനും സംഘവും പിടികൂടിയത്. മുഹമ്മദ് പർവ്വീസ് നേരത്തെ എക്‌സൈസ് കേസിൽ പ്രതിയാണ്. മറ്റ് രണ്ട് പേരും മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർത്ഥികളാണ്.
വിദ്യാർത്ഥികൾക്കിടയിലാണ് ഇവ വിതരണം ചെയ്യുന്നതെന്ന് പിടിക്കപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. 0.380 ഗ്രാം എം.ഡി.എം.എയും, 60 ഗ്രാം കഞ്ചാവുവാണ് പിടിച്ചത്.
പിടിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്ന അന്തർ സംസ്ഥാന വൻ ലഹരിമരുന്ന് റാക്കറ്റിന്റെ ഒടുവിലത്തെ കണ്ണികൾ മാത്രമാണെന്നും, ഉറവിടം തേടിയുള്ള അന്വേഷണം ഊർജ്ജിതമായി നടത്തുമെന്നും, ഇതിന് ജനകീയ പിന്തുണ അനിവാര്യമാണെന്നും, പൊലീസ് എസ്.പി. രാജശങ്കർ വെള്ളാട്ട് വാർത്താ ലേഖകരോട് പറഞ്ഞു. മാഹി സി.ഐ എ. ശേഖർ, എസ്.ഐ പി.പി. ജയരാജ്, എ.എസ്.ഐമാരായ മനോജ് കുമാർ, മഹേഷ്, കിഷോർ കുമാർ, പി.സി.മാരായ ശ്രീജേഷ്, വിനീത് എന്നിവരും എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു. പ്രതികളെ മാഹി കോടതി റിമാൻഡ് ചെയ്തു.