1

തളിപ്പറമ്പ്: വൻ ചന്ദനവേട്ട, ഒരാൾ അറസ്റ്റിൽ. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. കുറുമാത്തൂർ ഡയറിയിലെ എം. മധുസൂദനനനാണ് (38) അറസ്റ്റിലായത്. ശ്രീകണ്ഠാപുരത്തെ നിസാർ, ഡയറിയിലെ ദിലീപൻ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. കുറുമാത്തൂർ കൂനം റോഡിലെ കുറ്റിക്കാട്ടിൽ നിന്നാണ് പ്രതികൾ ചന്ദനം മുറിച്ചത്. ചെത്തി റെഡിയാക്കിയ 6.900 കിലോ നല്ല ചന്ദനവും ചെത്താൻ ബാക്കിയായ 110 കിലോയും ചെത്തിയ 270 കിലോയും വനം വകുപ്പ് പിടിച്ചെടുത്തു.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി. രാജീവൻ എന്നിവരാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്. കുപ്രസിദ്ധ ചന്ദനക്കടത്തുകാരനായ ചെങ്ങളായിയിലെ വീരപ്പൻ ഹൈദ്രോസിന്റെ സംഘത്തിൽ പെട്ടവരാണ് പ്രതികളെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു. ഇവർ ഈ ഭാഗത്തെ കുറ്റിക്കാടുകളിൽ നിന്ന് മോഷ്ടിക്കുന്ന ചന്ദനം ഹൈദ്രോസിനാണ് വിൽപ്പന നടത്തുന്നതത്രെ.