കാസർകോട്: രാത്രി മുഴുവൻ വനപാലകർ നടത്തിയ ഓപ്പറേഷനിൽ ഭീതി പരത്തിയ മൂന്ന് കാട്ടാനകളെ കാട്ടിനുള്ളിലേക്ക് ഓടിച്ചു കയറ്റി. ശാന്തിനഗർ - കരണി ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച മൂന്നു കാട്ടാനകളെയാണ് തുരത്തിയത്. വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സേനയുടെ നേതൃത്വത്തിൽ പത്തു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തൊട്ടടുത്ത സംരക്ഷിത വന മേഖലയിലേക്കാണ് കാട്ടാനകളെ തുരത്തിയത്.
ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ദൗത്യം ഞായർ പുലർച്ചെ 4.30 ഓടെയാണ് പൂർത്തിയായത്. നാട്ടുകാരും പൊലീസും വനം വകുപ്പ് സംഘത്തിനു പൂർണ പിന്തുണയുമായി രംഗത്തെത്തി. വനം വകുപ്പ് ആവശ്യപ്പെടുന്ന സമയങ്ങളിൽ വീടുകളിലെ വിളക്കുകൾ അണച്ചും മറ്റു നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും ആന തുരത്തലിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്ക് വെള്ളവും മറ്റു സഹായങ്ങളും എത്തിച്ചു നൽകിയും നാട്ടുകാർ കൂടെ നിന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ കണ്ണൂർ ഡിവിഷന് കീഴിലുള്ള പ്രത്യേക സംഘം വ്യാഴാഴ്ച ഉച്ചയോടെ എത്തിയിരുന്നു.
വനം വകുപ്പിന്റെ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിലാണ് ദൗത്യസേനയുടെ പ്രവർത്തനം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ജിതിൻ, എൻ.എം.ആർ ജീവനക്കാരായ അനൂപ്, മെൽജോ, രാജേന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർക്ക് പുറമെ കാസർകോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ഡിവിഷൻ ജീവനക്കാർ, കണ്ണൂർ, കാസർകോട് ആർ.ആർ. ടി. ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന വിപുലമായ ദൗത്യസേനയാണ് ആന തുരത്തലിന് നേതൃത്വം നൽകിയത്. ഡി.എഫ്.ഒ പി. ബിജു, കാസർകോട് ഫോറസ്റ്റ് റേഞ്ചർ ടി.ജി. സോളമൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി. സത്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദൗത്യത്തിൽ കൂടുതൽ പേർ
കണ്ണൂർ ഡിവിഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, വയനാട് ജീവനക്കാർ എന്നിവർ വരും ദിവസങ്ങളിൽ ദൗത്യത്തിൽ പങ്കുചേരും. പുലിപ്പറമ്പ് ഭാഗത്ത് സോളാർ തൂക്കുവേലിയുടെ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തുന്നതിനിടയിൽ പരിക്കേറ്റ ഇരിയണ്ണിയിലെ സനലിന് വനം വകുപ്പിന്റെ 75000 രൂപ ധനസഹായം ഡി.എഫ്.ഒ കൈമാറി.