കണ്ണൂർ: നഗരത്തിൽ പേയിളകിയെന്നു സംശയിക്കുന്ന പശുവിനെ ദയാവധത്തിന് ഇരയാക്കി. ആയിക്കര മത്സ്യമാർക്കറ്റിനടുത്താണ് ഇന്നലെ രാവിലെ പശു പരിഭ്രാന്തി പരത്തിയത്. പശു വിരണ്ടോടുകയും മത്സ്യതൊഴിലാളികൾ ഉൾപ്പെടെ ഏതാനും പേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. നിസാരപരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പിടിച്ചുകെട്ടി. തുടർന്ന് കണ്ണൂർ ബ്‌ളോക്കിലെ എമർജൻസി വെറ്ററിനറി സർജൻ ഡോ. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പശുവിനെ ദയാവധത്തിനിരയാക്കി. കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ അണുനശീകരണം നടത്തി പശുവിനെ ആഴത്തിലുള്ള കുഴിയെടുത്തു മറവു ചെയ്തു. കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു.