കണ്ണൂർ: വെളിച്ചവും വെള്ളവുമില്ലാതെ തെക്കീബസാറിലെ ഫിഷ് മാർക്കറ്റ് കോംപ്ലക്സ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാനൽ ശരിയല്ലെന്ന് പറഞ്ഞ് കെ.എസ്.ഇ.ബി അധികൃതർ ഇവിടുത്തെ വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതി ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ പ്രതിസന്ധിയിലായത് വ്യാപാരികളും.
ഇറച്ചി, മത്സ്യം, പച്ചക്കറി, സ്റ്റേഷനറി കടകൾ തുടങ്ങി 36 സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി ഇല്ലാതായതോടെ ഇവരുടെയെല്ലാം പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. മെഴുകുതിരി വെട്ടത്തിലാണ് ഇറച്ചിക്കടയിൽ മാംസം അറക്കുന്നത്. തയ്യൽ കടയിലെ സ്ത്രീകൾ മെഷീൻ കടയ്ക്ക് പുറത്തേക്കിറക്കി ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്. ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലുള്ളവരും സമാന പ്രശ്നത്തിലാണ്. കഴിഞ്ഞ 22 വർഷമായി ഈ ഫിഷ് മാർക്കറ്റ് കോംപ്ലക്സ് പ്രവർത്തിക്കുന്നുണ്ട്.
അന്ന് മുനിസിപ്പാലിറ്റി ആയിരുന്ന സമയത്ത് കാര്യമായ അറ്റകുറ്റപ്പണിയൊന്നും കോംപ്ളക്സിൽ നടന്നിരുന്നില്ലെന്ന് വർഷങ്ങളായി ഇവിടെയുള്ള വ്യാപാരികൾ പറഞ്ഞു. കോർപ്പറേഷൻ ആയതിനു ശേഷവും സമാന സാഹചര്യം തന്നെ.
കെട്ടിടത്തിന്റെ മേൽക്കൂരയിൽ വിരിച്ച ഷീറ്റ് പാടെ പൊളിഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് വെള്ളം മുഴുവൻ വ്യാപാര സ്ഥാപനങ്ങിലേക്ക് കുത്തിയൊലിച്ചു വരുന്നു. രണ്ട് വർഷമായി പൊളിഞ്ഞ ഷീറ്റ് മാറ്റിയിടാൻ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. കെട്ടിടത്തിലുള്ള കിണറിൽ രണ്ടു മാസമായി വെള്ളവുമില്ലാത്ത സ്ഥിതിയാണ്. മലിനജലം കെട്ടിക്കിടക്കുന്ന കിണർ ഒരു തവണ വൃത്തിയാക്കിയെങ്കിലും വീണ്ടും പൈപ്പിലൂടെ മലിനജലം വരാൻ തുടങ്ങിയതോടെ വെള്ളത്തിന്റെ കണക്ഷനും വിച്ഛേദിച്ചിരിക്കുകയാണ്. സ്ത്രീകളുൾപ്പെടെയുള്ളവർ സമീപത്തുള്ള കെട്ടിടത്തിലാണ് പ്രാഥമിക ആവശ്യങ്ങൾക്കുൾപ്പെടെ പോകുന്നത്. 3000 ഉം 4000 ഉം അതിൽ കൂടുതലും രൂപ വാടക നൽകിയാണ് പലരും ഇവിടെ കച്ചവടം നടത്തുന്നത്. നിലവിൽ കെട്ടിടം തുരുമ്പെടുത്ത് പൊളിയാറായ സ്ഥിതിയിലാണ്.
തിരിഞ്ഞുനോക്കാതെ കോർപ്പറേഷനും കെ.എസ്.ഇ.ബിയും
കോർപ്പറേഷനിൽ നിന്ന് കത്ത് വാങ്ങി വന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞതെന്ന് കച്ചവടക്കാർ പറഞ്ഞു. എന്നാൽ കോർപ്പറേഷൻ അധികൃതർ കത്ത് നൽകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. കെട്ടിടത്തിന്റെ ശോച്ഛനീയാവസ്ഥ കാണിച്ച് കച്ചവടക്കാരെല്ലാം ചേർന്ന് മേയർക്ക് നിവേദനം നൽകിയിട്ടും ഇതുവരെ പരിഹാരമില്ല.
വെള്ളിയാഴ്ച മുതൽ ഇവിടെ വൈദ്യുതിയില്ല. കോർപ്പറേഷന്റെയും കെ.എസ്.ഇ.ബിയുടെയും തർക്കത്തിൽ ദുരിതം പേറുന്നത് കച്ചവടക്കാരാണ്. വെള്ളവും വെളിച്ചവുമില്ലാതെ വളരെ പ്രയാസപ്പെട്ടാണ് ഇവിടെ കച്ചവടം നടത്തി വരുന്നത്. കെട്ടിടം പൊട്ടിപ്പൊളിയാറായ സ്ഥിതിയിലാണ്.
പി.കെ. രാഘവൻ, കടയുടമ