തളിപ്പറമ്പ്: പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 59ാം കച്ചേരിയിൽ ദ്രുതതാളങ്ങളിലാറാടിച്ച് ലോക പ്രശസ്ത സംഗീതജ്ഞരായ രഞ്ജനി -ഗായത്രി സഹോദരികളുടെ ശിഷ്യ യുവ കർണാടക ഗായിക സ്പൂർത്തി റാവു.വിരിബോണി വർണത്തിൽ കച്ചേരി തുടങ്ങുമ്പോൾതന്നെ പെരിഞ്ചല്ലൂർ സംഗീതസഭ ആനന്ദത്തിലെത്തിയിരുന്നു. മുത്തുസ്വാമി ദീക്ഷിതർ ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ വാതാപി ഗണപതിം ഭജേ, ദ്വിജാവന്തിയിൽ അഖിലാണ്ഡേശ്വരി രക്ഷമാം, ഷണ്മുഖപ്രിയ രാഗം ആദി താളത്തിൽ ചിട്ടപ്പെടുത്തിയ പട്ടനാം സുബ്രമണ്യ അയ്യരുടെ മരിവേറെ ദിക്കെവരയ്യ രാമ എന്നതടക്കമുള്ള കീർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ സദസിനെ ആനന്ദസമുദ്രത്തിൽ ആറാടിച്ചു.
മുഖാരി രാഗത്തിലെ നീലകണ്ഠ ശിവൻ ചിട്ടപ്പെടുത്തിയ എന്റയിക്ക് ശിവ കൃപയ് വരുമോ എന്ന തമിഴ് കീർത്തനം ആലാപനത്തിലെ ആഴവും പരപ്പുംകൊണ്ട് ആസ്വാദകമനസ്സുകളെ വിസ്മയിപ്പിച്ചു. ത്യാഗരാജ സ്വാമികളുടെ മാളവി രാഗത്തിലെ നേനറുഞ്ചി നനു അന്നിട്ടീക്കി, വാഗധീശ്വരി രാഗത്തിലെ പരമാത്മുഡു വെലിഗേ മുച്ചട ,ആഹിർഭൈരവ് രാഗത്തിലെ 'രഘുവര തുമകൊ മേരി ലാജ് ' ഭജൻ എന്നിവയും അനുപമായ സംഗീതാനുഭവമായിരുന്നു. വയലിൻ മാസ്‌ട്രോ ലാൽഗുഡി ജി.ജയരാമൻ ചിട്ടപ്പെടുത്തിയ മധുവന്തി രാഗത്തിലെ തില്ലാനയോടെയാണ് മൂന്ന് മണിക്കൂർ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണത്.
വയലിനിൽ വി.എസ്. ഗോകുൽ ആലങ്കോട്, മൃദംഗത്തിൽ ബംഗളൂരിലെ കൗശിക് ശ്രീധർ, മുതിർന്ന മുഖർശംഖ് വിദ്വാൻ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവരായിരുന്നു പക്കമേളത്തിൽ.പി.എസ്. ശാന്തകുമാരി കലാകാരന്മാരെ ആദരിച്ചു. നവലയ ഗീതം സംഘടിപ്പിച്ച ഓൾ ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആലാപ് വിനോദിനെ കല്യാണി സ്‌കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദുഷി ബിന്ദു സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. വിജയ് നീലകണ്ഠൻ കലാകാരന്മാരെ പരിചയപ്പെടുത്തി .