കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്നും ചികിത്സാ കിട്ടാതെ പിതാവ് മരിച്ചുവെന്ന് ആരോപിച്ചു രോഷാകുലനായ യുവാവ് കണ്ണിൽ കണ്ടതെല്ലാം തല്ലി തകർത്തതായി പരാതി. തടയാൻ ചെന്ന ആശുപത്രി ജീവനക്കാർക്കെതിരെയും കൈയേറ്റശ്രമമുണ്ടായി. തിങ്കളാഴ്ച രാത്രിയാണ് ജില്ലാ ആശുപത്രിയിൽ സംഘർഷമുണ്ടായത്. നെഞ്ചുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച അഴീക്കോട് സ്വദേശിയാണ് മരിച്ചത്. എന്നാൽ ഇയാളുടെ നില ഗുരുതമായിട്ടും ആവശ്യമായ ചികിത്സയും ശ്രദ്ധയും കാഷ്വാലിറ്റിയിൽ നിന്നും കിട്ടിയില്ലെന്നാണ് പരാതി.
ആശുപത്രി കവാടത്തിലെ ചുമരിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച പരാതിപ്പെട്ടി വലിച്ചു നിലത്തിടുകയും ചുമരിലെ ലൈറ്റിന്റെ സ്വിച്ച് തല്ലി തകർക്കുകയും ചെയ്തു. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരാണ് ഇയാളെ ബലപ്രയോഗത്തിലുടെ ശാന്തനാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. രാജീവന്റെ പരാതിയിൽ സിറ്റി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.