mehe
പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ നടപ്പാത

മാഹി: ഏറേ പ്രതീക്ഷകളോടെ മയ്യഴിപ്പുഴയേയും അറബിക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിച്ച പുഴയോര നടപ്പാത വിനോദ സഞ്ചാരികളുടെ മനസ്സ് നൊമ്പരപ്പെടുത്തുകയാണിന്ന്. ഇരിപ്പിടങ്ങൾ മിക്കതും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. സർവ്വത്ര കാടുകയറിയിട്ടുമുണ്ട്. പ്രകൃതി സൗന്ദര്യവും, കടൽക്കാഴ്ചകളും നുകർന്ന്, നിത്യേന നൂറുകണക്കിനാ
ളുകൾ പ്രഭാതസായാഹ്ന സവാരികൾക്കായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. വ്യായാമങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും തുരുമ്പെടുത്തിട്ടുണ്ട്.
നടപ്പാതയാകെ പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായിത്തീർന്നിരിക്കുന്നു. അലങ്കാര ദീപങ്ങൾ മിക്കതും കണ്ണടച്ചു. ജലധാരയും നിശ്ചലമായി. കോഫി ഹൗസും അടച്ചു പൂട്ടി. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ എല്ലാം കുത്തഴിഞ്ഞ് കിടപ്പാണ്. മാസങ്ങളോളമായി നടപ്പാത തൂത്തുവാരി വൃത്തിയാക്കാറില്ല. പ്രവേശന കവാടത്തിനക
ത്തായി ഇരുവശത്തും ചപ്പുചവറുകളും പുല്ലും മറ്റു പാഴ്വസ്തുക്കളും കുമിഞ്ഞ് കൂടിക്കിടക്കുന്ന അവസ്ഥ മയ്യഴിക്ക് തന്നെ അപമാനമാണ്. നടപ്പാതയിലും പല ഭാഗങ്ങളിലായി ഇതേഅവസ്ഥ തന്നെയാണ്.
പലഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന മാലിന്യത്തൊട്ടികൾ ഏറെ നാളുകളായി നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. മഴ വെളളം നടപ്പാതയിൽനിന്നും ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ പലഭാഗങ്ങളിലും ചെളികെട്ടിക്കിടക്കുകയാണ്. ചിലയിടങ്ങൾ കൊതുക് വളർത്തു കേന്ദ്രങ്ങളായി മാറിയിട്ടുമുണ്ട്.

മുന്നിലുണ്ട് അപകടം..

പലരും നടത്തത്തിനിടയിൽ കാൽ വഴുതി വീണ് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്. സന്ദർശകർക്ക്
പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ സൗകര്യമില്ല. ടോയലറ്റ് സംവിധാനവും നിലച്ചു പോയിട്ട് വർഷ
ങ്ങളായി. ഇതുമൂലം ജനങ്ങൾ ഏറെ വിഷമിക്കുകയാണ്. മഹാകവി ടാഗോറിന്റെ പേരുള്ള ഉദ്യാനം ഇന്ന് പ്രേതഭൂമി പോലെയായി. സാമൂഹ്യ വിരുദ്ധരുടെ താവളവുമായി. ഇതിനെല്ലാം പുറമെ നടപ്പാതയാകെ തെരുവ് പട്ടിക്കൂട്ടങ്ങൾ കൈയ്യടക്കിയിരിക്കുകയാണ്. മൂപ്പൻ ബംഗ്ലാവിന്റെ ചുമരുകളിൽ ശിൽപ്പങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട എം. മുകുന്ദന്റെ നോവൽ കഥാപാത്രങ്ങൾക്ക് കീഴെ പുല്ല് വളർന്ന് കാഴ്ചകൾ മറയ്ക്കുകയാണ്.


നടപ്പാത ശുചീകരിക്കാനും, കാട് വെട്ടിത്തെളിയിക്കാനും, തെരുവ് വിളക്കുകൾ കത്തിക്കാനും, പട്ടി ശല്യം ഒഴിവാക്കാനും നടപടിയുണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും.

എ.വി. യൂസഫ്, വോക്ക് വേമോണിംഗ് സ്റ്റാർ സാരഥി