madhyam

കണ്ണൂർ: എൻ.ഡി.പി.എസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ സി​റ്റിയിൽ നടത്തിയ പരിശോധനയിൽ 144 കുപ്പി വിദേശ മദ്യം പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് സി​റ്റി മരക്കാർകണ്ടി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഓട്ടോയിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. പൊലീസ് ഓട്ടോയെ പിന്തുടർന്നപ്പോൾ ഓട്ടോ ഡ്രൈവർ താക്കോലുമായി ഓടി രക്ഷപ്പെട്ടു. തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് പോണ്ടിച്ചേരിയിൽ മാത്രം വിൽപനാധികാരമുള്ള എട്ട് കെയ്‌സ് മദ്യം വണ്ടിയിൽ നിന്നും കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മദ്യം കണ്ണൂരിൽ വിൽപനക്കെത്തിച്ചതാവാമെന്ന് പൊലീസ് പറഞ്ഞു. എസ്‌.ഐമാരായ സുനിൽ കുമാർ, വിനോദ്, ജൂണിയർ എസ്‌.ഐ ആൽബി, രാഗേഷ്, രാജേഷ്, സ്‌നേഹേഷ്, ബൈജു, എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.