നീലേശ്വരം: പേവിഷ ഭീതി രൂക്ഷമായ സാഹചര്യത്തിൽ നീലേശ്വരം നഗരസഭയിൽ നാളെ മുതൽ വാർഡുകൾ കേന്ദ്രീകരിച്ച് വളർത്തുനായ്ക്കൾക്ക് ഊർജിത പേവിഷ പ്രതിരോധ കുത്തിവയ്പു ക്യാമ്പുകൾ നടത്തും. നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അദ്ധ്യക്ഷതയിൽ ഭരണസമിതി അംഗങ്ങളുടെയും, മൃഗാശുപത്രി, താലൂക്ക് ആശുപത്രി മേധാവികൾ, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജനമൈത്രി പൊലീസ്, കുടുംബശ്രീ പ്രതിനിധികൾ എന്നിവരുടെയും യോഗത്തിലാണ് തീരുമാനം.

ആക്ഷൻ പ്ലാനിന്റെ ഒന്നാംഘട്ടം എന്ന നിലയിലാണ് വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പു നടപ്പാക്കുന്നത്. രണ്ടാംഘട്ടമായി തെരുവുനായ്ക്കളെ പിടികൂടി കുത്തിവെപ്പ് നടത്തും. വളർത്തു നായ്ക്കൾക്ക് നഗരസഭാ ലൈസൻസ് കർശനമാക്കും. ലൈസൻസില്ലാതെയും പ്രതിരോധ കുത്തിവയ്പ് നടത്താതെയും വീടുകളിൽ നായകളെ പരിപാലിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. തെരുവു നായകളുടെ വിളയാട്ടത്തിന് സാഹചര്യം ഒരുക്കുന്നവിധം മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും നിയമം കർക്കശമാക്കും.

ഈ മാസം 25 മുതൽ നടക്കാനിരിക്കുന്ന വാർഡ് സഭകളിൽ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.

നഗരസഭാ ചെയർപേഴ്സണു പുറമെ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി. ഗൗരി, പി. സുഭാഷ്, ടി.പി ലത, കെ.പി രവീന്ദ്രൻ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സീനിയർ വെറ്ററിനറി സർജൻ ഡോ. വി.വി. പ്രദീപ്കുമാർ, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എ.ടി മനോജ്, നഗരസഭാ സൂപ്രണ്ട് സി.കെ ശിവജി , ഹെൽത്ത് ഇൻസ്പെക്ടർ പി.പി മോഹനൻ, ജനമൈത്രി പൊലീസ് ഓഫീസർ പ്രദീപ് തുടങ്ങിയവരും സംബന്ധിച്ചു.