തലശ്ശേരി: ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹത്തിൽ അഭിഷേകവും അർച്ചനയും നടത്താൻ സമാധിദിനത്തിൽ ആയിരങ്ങളാണ് വന്നെത്തിയത്. സരസ്വതീ മണ്ഡപത്തിൽ കാലത്ത് മുതൽ അഖണ്ഡഭജനം നടന്നു. ഗുരുദേവ പ്രതിമയിൽ അഭിഷേകവും അർച്ചനയും വിശേഷാൽ ഗുരുപൂജയുമുണ്ടായി. ശാന്തിമാരായ വിനു, ശശി, സെൽവൻ, ലജീഷ് എന്നിവർ കാർമ്മികരായി. ഉച്ചക്ക് നടന്ന സമൂഹസദ്യയിൽ ആയിരങ്ങൾ പങ്കാളികളായി.
പ്രസിഡന്റ് അഡ്വ. കെ. സത്യന്റെ നേതൃത്വത്തിൽ ഡയറക്ടർമാരായ അഡ്വ: കെ. അജിത്കുമാർ, രാജീവൻ മാടപ്പീടിക, കണ്ട്യൻ ഗോപി, സി. ഗോപാലൻ തുടങ്ങിയവരും ശിവഗിരി ഗുരുധർമ്മ സമാജം അസി. രജിസ്ട്രാർ സി.ടി. അജയകുമാർ, ഗുരുധർമ്മ സമാജം ജില്ലാ പ്രസിഡന്റ് സി.കെ. സുനിൽകുമാർ എന്നിവരും സമാധിദിന പരിപാടികളിൽ ഉടനീളം പങ്കാളികളായി.
മാഹി ശ്രീകൃഷ്ണക്ഷേത്രം പുന്നോൽ ശ്രീനാരായണ മഠം, ഈയ്യത്തുംകാട് ശ്രീ നാരായണമഠം, കുട്ടിമാക്കൂൽ മഠം, കൈവട്ടം നരനാരായണമഠം, ഏടന്നൂർ ശ്രീ നാരായണമഠം എന്നിവിടങ്ങളിലും, അഴീക്കൽ, പെരുമുണ്ടേരി, ചാലക്കര, പള്ളൂർ, ആച്ചുകുളങ്ങര, നിടുമ്പ്രം, മൂലക്കടവ്, മാക്കുനി, ഇടയിൽ പീടിക, ഈസ്റ്റ് പള്ളൂർ, ചെമ്പ്ര, മേനപ്രം, കവിയൂർ, ഒളവിലം, മഞ്ചക്കൽ ശ്രീനാരായണ മഠങ്ങളിലും സമാധി ദിന പരിപാടികൾ നടന്നു.
ഗുരു മഹാസമാധി ഗുരുദേവന്റെ പാദസ്പർശനമേറ്റ പൊന്ന്യം ഗുരു ചരണാലയം മഠത്തിൽ പ്രസാദസദ്യ, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നീ പരിപാടികളോടെ ആചരിച്ചു. ശ്രീജഗന്നാഥ ക്ഷേത്രത്തിലെ സെൽവൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പി.കെ. ജയരാജൻ, കെ. ശശിധരൻ, സി.പി. ഷൈജു, കെ. റിനീഷ്, എ.എം സുനിൽ, എൻ.കെ. സജിലേഷ്, എം.കെ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
തലശ്ശേരി ശ്രീനാരായണ ഗുരുധർമ്മ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജയും, സമൂഹപ്രാർത്ഥനയും നടന്നു. പഴയ ബസ് സ്റ്റാൻഡിലെ അരയാൽത്തറ പരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് എ.പി.രവീന്ദ്രൻ അദ്ധ്യക്ഷനായി. ശ്രീവാസ് വേലാണ്ടി, എം. സുഭാഷ്, പ്രേമൻ, പ്രകാശ് മാണിക്കോത്ത്, എ.പി.സുനിൽ, പി.വി.മുരളിധരൻ. ഷജിൽ സംസാരിച്ചു.
മാഹി: മഞ്ചക്കൽ ഗുരു സേവാ സമിതിയും ശ്രിനാരായണ ധർമ്മ പരിപാലന യോഗം മാഹി യൂണിയനും സംയുക്തമായി മഞ്ചക്കൽ ശ്രീനാരായണമഠത്തിൽ മഹാസമാധി ആചരിച്ചു. ഗുരുപൂജ, ദൈവദശക പ്രാർത്ഥന, സമാധി പ്രാർത്ഥന എന്നിവ നടന്നു. ശ്രീ നാരായണമഠം പ്രസിഡന്റ് ഉത്തമരാജ് മാഹി, യോഗം മാഹി യൂണിയൻ പ്രസിഡന്റ് പ്രേമൻ കല്ലാട്ട്, ജനറൽ സെക്രട്ടറി സജിത്ത് നാരായണൻ, വിവിധ ശാഖാ ഭാരവാഹികൾ സംബന്ധിച്ചു.