കാഞ്ഞങ്ങാട്: നിർദ്ദിഷ്ട ഹൊസ്ദുർഗ് -ചെമ്മട്ടംവയൽ റോഡ് മെക്കാഡം ടാറിംഗ് നടത്താനുള്ള തീരുമാനം റോഡരികിൽ താമസിക്കുന്നവരെയും വ്യാപാരികളെയും ആശങ്കയിലാക്കി. ഏതാണ്ട് മൂന്ന് കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണത്തിന് കാസർകോട് പാക്കേജിൽ രണ്ട് കോടിയിൽ പരമാണ് വകയിരുത്തിയിട്ടുള്ളത്. ചെമ്മട്ടംവയൽ, കാരാട്ടുവയൽ ഭാഗത്താണ് റോഡ് ബുദ്ധിമുട്ടില്ലാതെ നവീകരിക്കാനാകുക.
ഏതേസമയം ഹൊസ്ദുർഗ് ജംഗ്ഷൻ മുതൽ കാരാട്ടുവയൽ വരെ റോഡിന് ഇരുവശവും വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ്. മെക്കാഡം ടാർ ചെയ്യുമ്പോൾ വീതി നാല് മീറ്ററോളം വരും. അങ്ങനെ വരുമ്പോൾ റോഡ് തുടങ്ങുന്ന ഹൊസ്ദുർഗ് ജംഗ്ഷനിൽ തന്നെ കടകൾ ഒഴിപ്പിക്കേണ്ടി വരും. മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തും ഇതേ പോലെ ഒഴിപ്പിക്കേണ്ടി വരും. ഇന്നലെ ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചത്.
റോഡിന്റെ ഇരുഭാഗത്ത് നിന്നും കൃത്യമായി ഭൂമി ഏറ്റെടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അതേസമയം ബി.ജെ.പി കൗൺസിലർമാർ വ്യത്യസ്ത നിലപാടുകളാണ് എടുത്തതെന്നും ആക്ഷേപമുയരുന്നുണ്ട്. ഹൊസ്ദുർഗിൽ മെക്കാഡം റോഡിന് ആവശ്യമായ വീതിയുണ്ടെന്നാണ് ബി.ജെ.പി കൗൺസിലർമാരായ അശോക് കുമാറും എം.ബൽരാജും പറയുന്നത്. അതേസമയം റോഡ് നിർമ്മാണം ഹൊസ്ദുർഗ് ജംഗ്ഷനിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന് മറ്റുള്ളവരും ആവശ്യപ്പെടുന്നു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. പയ്യന്നൂർ സ്വദേശിക്കാണ് റോഡ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്.