കൂത്തുപറമ്പ്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് തയ്യാറാക്കിയ റെഡ് ചില്ലി (മുളക് പൊടി) പുറത്തിറക്കി. ബ്ളോക്ക് പരിധിയിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന മുളകാണ് മായം കലരാതെ പൊടിച്ച് വിപണിയിലെത്തിക്കുന്നത്. പ്രദേശത്തെ കർഷകർ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചാണ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ റെഡ് ചില്ലീസ് തയ്യാറാക്കുന്നത്. 15 ഹെക്ടർ സ്ഥലത്ത് ഹൈബ്രിഡ് മുളക് കൃഷി ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെക്ടർ ഒന്നിന് 20-25 ടൺ ആണ് ഉൽപാദനം ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബ്ളോക്ക് പരിധിയിലെ വീടുകളിലും പ്രകൃതി സൗഹൃദ രീതിയിൽ മുളക് കൃഷി ചെയ്യും.
ഒരു ഗ്രോ ബാഗ് അല്ലെങ്കിൽ ചട്ടിയിൽ നിന്ന് 5 കിലോ മുളക് ആണ് ഉൽപാദന ലക്ഷ്യം. ബ്ലോക്ക് പരിധിയിലെ എല്ലാ കൃഷിഭവന് കീഴിലും ഡ്രയറുകൾ, പൊടി യന്ത്രങ്ങൾ എന്നിവ സ്ഥാപിക്കും. ബ്ലോക്ക് തലത്തിൽ പാക്കിംഗ് മാർക്കറ്റിംഗ് എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാങ്ങാട്ടിടം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ ശൈലജ എം.എൽ.എ പ്രൊഡക്ട് പുറത്തിറക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അദ്ധ്യക്ഷത വഹിച്ചു. കേര രക്ഷാവാരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ നിർവഹിച്ചു. മങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ പയർവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.